ഗുജറാത്ത് കലാപം; മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയ ജഫ്രിയ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയില്‍

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുള്‍പ്പടെയുള്ളവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജഫ്രി.

കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്ക്കോടതി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ ജഫ്രി ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ എ.എം.ഖാനിവാല്‍ക്കറുടെയും ഹേമന്ത് ഗുപ്തയുടെയും ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഗുജറാത്ത് കലാപത്തിലെ ഒമ്പത് കേസുകള്‍ അന്വേഷിച്ച ആര്‍.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ 58 പേര്‍ക്കെതിരേ കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയിരുന്നത്. ഇതിനെതിരെ 2017ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും നിരാകരിക്കപ്പെട്ടു.

എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ലെന്ന കീഴ്‌ക്കോടതിയുടെ തീര്‍പ്പ് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. പരാതിക്കാര്‍ക്ക് വിശദമായ അന്വേഷണത്തിന് ഉന്നത നീതിപീഠത്തെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിക്കു മുമ്പാകെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഇഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലാണ് അയല്‍വാസികള്‍ അഭയം തേടിയത്. എന്നാല്‍ അഭയം തേടിയ എല്ലാവരെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടും അന്തിമറിപ്പോര്‍ട്ടുമായുള്ള വൈരുധ്യങ്ങള്‍, മോദിക്കെതിരായ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തുടങ്ങിയവയാണ് പ്രധാനമായും സാക്കിയ സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരായി കോടതിയിലുള്ള ഏക പരാതിയും ഇപ്പോള്‍ ഇതുമാത്രമാണ്. അതേസമയം സാക്കിയ ജഫ്രിയുടെ ഹര്‍ജി തള്ളണമെന്നും അന്വേഷണം പൂര്‍ത്തിയായ കേസില്‍ നടപടികള്‍ അനന്തമായി നീട്ടനാവില്ലെന്നും പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News