“മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല; ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം”; മുഖ്യമന്ത്രി

സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും നിലവിലെ കേസുകള്‍ക്ക് ജാമ്യം ലഭിക്കാത്തതിനാലാണ് ജയിലില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംഎല്‍എമാരായ കെ.സി.ജോസഫിന്റേയും ഒ.രാജഗോപാലിന്റേയും സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനല്ല, മറിച്ച് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് ഫലപ്രദമായി അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും സെക്രട്ടറിയേറ്റിലുള്‍പ്പെടെ ഒരുക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഇതിനായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി സര്‍ക്കുലറില്‍ വരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബി ജെ പി നേതാവ് കെ സുരേന്ദ്രനെ അകാരണമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നത് തെറ്റാണ്.

കെ.സുരേന്ദ്രനെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ 15 കേസ് നിലവിലുണ്ട്.അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പോലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.

ഇക്കാരണത്താല്‍ ബഹു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നീ കോടതികള്‍ വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. ഈ വാറണ്ടു കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് ശ്രീ സുരേന്ദ്രന്‍ ഇപ്പോഴും റിമാന്റില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News