പിറന്നാള്‍ ആശംസയുമായി അച്ഛന് ‘സ്വര്‍ഗ’ത്തിലേക്ക് കൊച്ചുകുട്ടിയുടെ കാര്‍ഡ്; അതിന് ലഭിച്ച ഹൃദയസ്പര്‍ശിയായ മറുപടിയും

നാല് വര്‍ഷം മുമ്പ് മരിച്ച പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ മകന്‍ സ്വര്‍ഗത്തിലേക്ക് അയച്ച ആശംസയും അതിന് ലഭിച്ച മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സ്‌കോട്ട്‌ലന്‍ഡിലെ ബ്ലാക്ക് ബേണ്‍ സ്വദേശിനിയായ ടെറി കൊപ്ലാന്‍ഡാണ് തന്റെ മകന്‍ ജാസ്, പിതാവിന് സ്വര്‍ഗത്തിലേക്ക് അയച്ച കത്തും അതിനു ലഭിച്ച അവിശ്വസനീയ മറുപടിയും ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.

മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഈ കത്ത് സ്വര്‍ഗത്തില്‍ എത്തിക്കാമോ, ഇന്ന് എന്റെ അച്ഛന്റെ പിറന്നാളാണ്’. എന്നായിരുന്നു ടെറിയുടെ ഏഴുവയസുകാരനയ മകന്‍ സ്വര്‍ഗത്തിലേക്ക് അയച്ച കത്തില്‍ എഴുതിയിരുന്നത്.

ഈ നിഷ്‌കളങ്ക കത്തിന് ലഭിച്ച മറുപടി ഇങ്ങനെ.

”പ്രിയപ്പെട്ട ജാസ്, നിന്റെ കത്ത് സ്വര്‍ഗത്തിലേക്ക് അയയ്ക്കുന്നതിനിടെ ചിലകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ഗത്തിലുള്ള ഡാഡിയുടെ അടുക്കല്‍ ഈ കത്ത് എത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചത് എങ്ങനെയാണെന്നും നിന്നോട് പറയാം.

നക്ഷത്രങ്ങളെയും ബഹിരാകാശത്തിലെ മറ്റ് വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പക്ഷെ ഈ പ്രത്യേക കത്ത് അവിടെ എത്തിയെന്ന് ഞങ്ങള്‍ക്ക് ഉറപ്പു വരുത്തണമായിരുന്നു. ഈ കത്ത് നിനക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. സുരക്ഷിതമായി ഈ കത്ത് സ്വര്‍ഗത്തില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും.”

സ്‌നേഹത്തോടെ ഈ ചെറുവാചകങ്ങളാണ് അസിസ്റ്റന്റ് ഡെലിവറി ഓഫീസ് മാനേജറായ സീന്‍ മിലിഗണ്‍ ജാസിനുള്ള കത്തിലെഴുതിയത്.

താനയച്ച കത്ത് സ്വര്‍ഗത്തില്‍ പിതാവിന് കിട്ടിയതും ആ കത്ത് എത്തിച്ചയാളുടെ മറുപടിയും കുഞ്ഞ് ജാസിനെ എത്രത്തോളം സന്തോഷിച്ചുവെന്ന് ജാസിന്റെ അമ്മ ടെറി കോപ്ലാന്റ് ഫേസ്ബുക്കില്‍ എഴുതി.

നിസാരമായി കണ്ട് കളയാമായിരുന്ന ഒരു കാര്‍ഡ് അയച്ച കുട്ടിയെ ഏറെ ബുദ്ധിമുട്ടി സന്തോഷിപ്പിച്ചതില്‍ റോയല്‍ മെയിലിന് നന്ദി പറഞ്ഞ ടെറി, ഈ നടപടി മനുഷ്യത്വത്തില്‍ തന്റെ വിശ്വാസം ഊട്ടി ഉറപ്പിച്ചുവെന്നും എഴുതി. റോയല്‍ മെയിലിലെ എല്ലാ ജീവനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നാണ് ടെറി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here