യുപി കലാപം: സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ്കുമാര്‍, ദാദ്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍; വെടിവച്ചത് റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍; സുബോധിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയവുമായി ബന്ധുക്കള്‍; ദുരൂഹത വര്‍ധിക്കുന്നു

ലഖ്‌നൗ: യുപിയിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ് ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരണം.

കേസ് തുടക്കത്തില്‍ അന്വേഷിച്ച സുബോധ്കുമാര്‍ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മാത്രമല്ല, അഖ്ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മാംസം വേഗത്തില്‍ത്തന്നെ പരിശോധനയ്ക്കായി ലാബിലെത്തിക്കുകയും ചെയ്തു. പശുമാംസം അല്ലെന്നായിരുന്നു ലാബ്പരിശോധനയിലെ കണ്ടെത്തല്‍.

അന്വേഷണ ഘട്ടത്തിനിടയില്‍ സുബോധിനെ വാരാണസിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംഘപരിവാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റമെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.

2015 സെപ്തംബറിലാണ് യുപിയിലെ ദാദ്രിയില്‍ പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഖ്ലാഖിനെ അടിച്ചുകൊന്നത്.

സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്

കഴിഞ്ഞദിവസമായിരുന്നു ബുലന്ദ്ഷഹറില്‍ കലാപം ആരംഭിച്ചത്.

ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് 25 ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വഴിതടയല്‍ പ്രതിഷേധമാണ് കലാപത്തിന് തിരികൊളുത്തിയത്.

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനിടെ വെടിയേറ്റാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.

സുബോധിന്റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്‌സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.

സുബോധ് കുമാറിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എബിപി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News