തിരുവനന്തപുര: ക്യാമ്പസ്‌ഫ്രണ്ടിന്റെയും എസ്‌ഡിപിഐയുടെയും ആസൂത്രിതമായ സംഘർഷ ശ്രമങ്ങളിൽ പ്രതിഷേധിച്ച്‌ സംഘടന വിടുന്നതായി ക്യാമ്പസ്‌ ഫ്രണ്ടിന്റെ യൂണിറ്റ്‌ സെക്രട്ടറിയുടെ പ്രഖ്യാപനം.

ക്യാമ്പസ്‌ ഫ്രണ്ടിന്റെ തിരുവനന്തപുരം പെരിങ്ങമ്മല ഇക്‌ബാൽ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി അസ്ലം യൂസഫാണ്‌ സംഘടന വിടുന്നവിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്‌.

ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തിൽ പ്രതിഷേധിച്ച്‌ എന്നെന്നേക്കുമായി സംഘടനയിൽ നിന്നും പുറത്തു പോകുകയാണെന്നും ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു.

തിങ്കളാഴ്‌ച ഇക്‌ബാൽ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ പുറത്തുനിന്നെത്തിയ ക്യാമ്പസ്‌ ഫ്രണ്ട്‌‐എസ്‌ഡിപിഐ സംഘം ആക്രമിച്ചിരുന്നു.

ആക്രമണത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ അഞ്ച‌ുപേർക്ക് ഗുരുതര പരിക്കേറ്റു. സഹപാഠികൾക്കു നേരെയുള്ള ഈ ആക്രമണത്തിന്റെ ധാർമികതയെയും അസ്ലം യൂസഫ്‌ ചോദ്യം ചെയ്യുന്നു.

ക്യാമ്പസ്‌ ഫ്രണ്ട്‌ വിളംബരജാഥയുടെ പേരിലെത്തിയ അക്രമിസംഘമാണ് ക്ലാസ് കഴിഞ്ഞ‌് ഇറങ്ങിയവരെ കമ്പും വടിയും ഉപയോഗിച്ചു തല്ലി ചതച്ചത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ അവഹേളിക്കുന്ന പരാമർശങ്ങളടങ്ങിയതായിരുന്നു വിളംബരജാഥ.

ഇതിനു പിന്നാലെയാണ്‌ വിദ്യാർഥികൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്‌. തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് അംഗം ഷിനു സത്യൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. ക്യാമ്പസ്‌ ഫ്രണ്ട് ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിൽ മറ്റു വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ച‌് ചൊവ്വാഴ‌്ച വിതുര ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു.

അസ്ലം യൂസഫിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:
എന്റെ പേര് അസ്ലം.
ഞാൻ ഇക്ബാൽ കോളേജിൽ മൂന്നാം വർഷ BA COMMUNICATIVE ENGLISH വിദ്യാർത്ഥിയാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇക്ബാൽ കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. 03 12 2018 തിങ്കൾ വൈകുന്നേരത്തോടു കൂടി CFI വിളംബര ജാഥ നടക്കുകയുണ്ടായി.

പ്രകോപനപരമായ നീക്കങ്ങൾ SDPlയുടെ പ്രാദേശിക പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുകയും SFI യിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

ധാർമ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ എന്റെ സ്ഥാനം രാജിവക്കുകയും തുടർന്നുള്ള എല്ലാ സംഘടനാ പ്രവർത്തനത്തിൽ നിന്നും അംഗത്വത്തിൽ നിന്നും പുറത്ത് പോവുകയുമാണ്.

ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ സംഘടനയിൽ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണ്.