കലേഷിന്‍റെ കവിതയും കയ്യൂരിലെ വാ‍ഴക്കര്‍ഷകരും; ആര്‍ക്കും മോഷ്ടിക്കാനാവാത്തൊരു ജീവിത സത്യം

“വലിയൊരു മഴപെയ്തു
കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
കടംകയറി തകര്‍ന്നുപോയി.
ഭൂപണയ ബാങ്കിലിരുന്ന്
ആധാരം എന്നെ ഓര്‍ത്തു.”

കവി എസ് കലേഷിന്‍റെ ഈ വരികളും കയ്യൂരിലെ വാ‍ഴക്കര്‍ഷകരുടെ ജീവിതവും തമ്മില്‍ വലിയ അന്തരമില്ലെന്ന് എ‍ഴുതുന്നു മാധ്യമപ്രവര്‍ത്തകനും കയ്യൂര്‍ സ്വദേശിയുമായ കെവി രഞ്ജിത്ത്.

വടക്കന്‍ കേരളത്തില്‍ ഇന്ന് ഏറ്റവും അധിക നേന്ത്രവാ‍ഴ കൃഷിചെയ്യുന്ന നാടാണ് കയ്യൂര്‍. കടമെടുത്താണ് പലരുടെയും കൃഷി. കര്‍ഷകന്‍റെ വിഷമങ്ങളാണ് ആ കവിത.

രഞ്ജിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.

എസ് കലേഷിനെ രണ്ടു വർഷം മുമ്പ് വായിച്ചപ്പോഴുള്ള കൂട്ടി വായന

എസ് കലേഷിന്റെ ആട്ടിടയൻ കവിത വായിച്ചു കഴിഞ്ഞപ്പോൾ കണ്ടത് ഫേസ്ബുക്കില്‍ `കയ്യൂർ കാഴ്ചകൾ’ പകർത്തിയ കയ്യൂർ ചിത്രം .

വായിച്ച കവിതയിലും ചിത്രത്തിലും കർഷകന്റെ ചൂര്. കർഷകന്റെ വിഷമങ്ങൾ. അതെ ഞങ്ങൾ കയ്യൂരും പരിസരത്തുമുള്ളവർക്ക്‌ നേന്ത്ര വാഴ കൃഷി ജീവിതമാണ്. അതൊരുക്കാൻ പണത്തിന് ബാങ്കുകൾ കയറിയിറങ്ങും.

കാറ്റിൽ മൂപ്പെത്താതെ കായികുലകൾ ഒടിഞ്ഞു വീണ് കടക്കാരനാകുമെങ്കിലും അടുത്ത തുലാവത്തിൽ വാഴക്കന്ന് നടാതിരിക്കാൻ അവന് ആകില്ല.

വിളവെടുപ്പിനു ശേഷം വാഴ കന്നൊരുക്കുന്ന കർഷകനാണ് ചിത്രത്തിൽ

കലേഷിന്റെ കവിതയിലെ വരികൾ ഇങ്ങനെയാണ്:

പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ തടത്തില്‍
മണ്ണിളക്കി മറിച്ചിട്ടു.
വാഴ വിത്തുകള്‍ കൂട്ടിയിട്ട
മുറ്റം ഇരുണ്ടുപോയി.
പെങ്ങളുടെ കുഞ്ഞ്
ഇതെന്റെ വാവയെന്നു പറഞ്ഞ്
ഒരു വിത്തിന് പാലുകൊടുക്കുന്നു

കിളച്ചിട്ട പറമ്പില്‍
പണിതീരാതെ തളര്‍ന്നിരിക്കെ
ഇടുപ്പില്‍ വിയര്‍പ്പ് തുള്ളി കിളിര്‍ത്തിറങ്ങി

നാമ്പിട്ടു വാഴയിലകള്‍
ചിരിക്കുന്ന കൂമ്പുകള്‍ പടര്‍ത്തി
തേനൂറും അതിന്റെ ചുണ്ടുകള്‍
ഈമ്പിയിരുന്നു പകല്‍.

വലിയൊരു മഴപെയ്തു
കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
കടംകയറി തകര്‍ന്നുപോയി.
ഭൂപണയ ബാങ്കിലിരുന്ന്
ആധാരം എന്നെ ഓര്‍ത്തു.

ഉണങ്ങിയ വാഴക്കൈകള്‍
ഇലിച്ച്
രാവിലെ തീകൂട്ടി
വാഴത്തോട്ടത്തില്‍
തണുപ്പത്ത്
കടങ്ങള്‍ മറന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here