ശവപ്പെട്ടികളിലും വെറൈറ്റിയുമായി ഘാനക്കാര്‍; കൊക്കൊയും മുളകും മുതല്‍ വിമാനവും ബെന്‍സ് കാറും വരെ ശവപ്പെട്ടിയുടെ രൂപത്തില്‍

പരിഷ്കാരങ്ങളും പുതുമകളും എന്നും മനുഷ്യനെ ഹരം കൊള്ളിക്കാറുണ്ട്. നാടോടുമ്പോള്‍ നടുവെ എന്ന മട്ടില്‍ ഇതിന് പിന്നാലെ പായുന്നതും നമ്മള്‍ തന്നെയാണ്.

ദശാബ്ദങ്ങളായി നമ്മുടെ നാട്ടില്‍ മാറ്റത്തിന് വിധേയമാകാത്ത, എന്നാല്‍ എല്ലാവര്‍ക്കും അനിവാര്യമായ ഒന്നാണ് ശവപ്പെട്ടി. ശവപ്പെട്ടിയുടെ നിർമാണത്തിലും ആകൃതിയിലുമൊന്നും നമ്മൾ വലിയ പരീക്ഷണങ്ങളൊന്നും നടത്താറില്ല. ജീവിത നിലവാരമനുസരിച്ച് ചിലര്‍ വിലകൂടിയ മരപ്പലകകള്‍ ശവപ്പെട്ടി നിര്‍മാണത്തിനൊ‍ഴിച്ചാല്‍.

എന്നാൽ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ കാര്യങ്ങൾ ഇങ്ങനെയല്ല. ഭൂമിയിലെ ജീവിതം ആഘോഷമാക്കുന്നതുപോലെ തന്നെ മരണ ചടങ്ങുകളും വ്യത്യസ്തമായ രീതിയില്‍ ആഘോഷമാക്കുകയാണ് ഇവര്‍.

തങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോള്‍ അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകേണ്ടതല്ലേയെന്ന് ശവപ്പെട്ടികള്‍ക്ക് വിചിത്ര രൂപ കല്‍പ്പന തുടങ്ങിവെച്ച അനാങ് സെഡായ് പറയുന്നു.

മരിച്ചയാളുടെ ജീവിതശൈലിയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സമൂഹത്തില്‍ ആ വ്യക്തിയുടെ സ്ഥാനവുമൊക്കെ ആ ശവപ്പെട്ടി പ്രതിഫലിപ്പിക്കണമെന്ന നിലപാടാണ് അനാങിനുള്ളത്.

മരണാഘോഷങ്ങളുടെ ഭാഗമായി മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടികളില്‍ അനാങ് വരുത്തിയ മാറ്റങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ആളുകളുടെ ആവശ്യപ്രകാരം വിവിധ ആകൃതിയിലും നിറത്തിലുമൊക്കെയാണ് ശവപ്പെട്ടികൾ. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉത്പാദക രാജ്യമാണ് ഘാന.

ഇവിടത്തെ മിക്ക ആളുകളുടെയും ഉപജീവനമാർവും കൊക്കോ കൃഷിയാണ്. അതുകൊണ്ടുതന്നെ വലിയ കൊക്കോക്കായുടെ ആകൃതിയിലുള്ള ശവപ്പെട്ടികൾക്ക് ഘാനയിൽ ആവശ്യക്കാർ ഏറെയുണ്ട്.

പെട്ടെന്ന് ദേഷ്യപ്പെട്ടിരുന്ന ആളുകൾക്കായി ചുവന്ന മുളകിന്‍റെ ആകൃതിയിലുള്ള ശവപ്പെട്ടികള്‍ ഉണ്ടാക്കും. മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിലുള്ള ശവപ്പെട്ടികള്‍ക്കും ആവശ്യക്കാരുണ്ട്.

ധനികരാകട്ടെ ബെന്‍സ് അടക്കമുള്ള ആഡംബരക്കാറുകളുടെയും വിമാനങ്ങളുടെയുമൊക്കെ ആകൃതിയിലാണ് ശവപ്പെട്ടികൾ പണിയിക്കുക.

മത്സ്യത്തൊ‍ഴിലാളികളാകട്ടെ മത്സ്യത്തിന്‍റെയോ ബോട്ടിന്‍റെയോ രൂപത്തിലാണ് ശവപ്പെട്ടി നിര്‍മിക്കുക. 70,000 രൂപയ്ക്കു മുകളിലാണ് ഇത്തരത്തിലുള്ള ഓരോ ശവപ്പെട്ടിയുടെയും വില.

ഈ വിചിത്ര ശവപ്പെട്ടികളുടെ ആവശ്യക്കാര്‍ ഘാനയില്‍ മാത്രമൊതുങ്ങുന്നില്ല. ലോസ് ഏഞ്ചല്‍സ്, ഡെന്മാര്‍ക്ക്, റഷ്യ എന്നിവിടങ്ങളിലേക്ക് ഇത്തരം ശവപ്പെട്ടികള്‍ കയറ്റിയയക്കാറുണ്ടെന്ന് അനാങ് പറയുന്നു.

ഇത്രയേറെ വ്യത്യസ്ത ഡിസൈനുകള്‍ ശവപ്പെട്ടിക്ക് നല്‍കിയ അനാങിന്‍റെ ആഗ്രഹം തന്‍റെ പ്രിയപ്പെട്ട പണിയായുധത്തിന്‍റെ മാതൃകയില്‍ തനിക്ക് ശവപ്പെട്ടി പണിയണമെന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News