‘കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാന്‍ അനുവദിക്കില്ല’; വനിതാ മതില്‍ ചരിത്രസംഭവമാക്കി വിജയിപ്പിക്കും; ഇടതുപക്ഷ മഹിളാ സംഘടനകള്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ മഹിളാ സംഘടനകളുടെ സംയുക്തയോഗം അഡ്വ.പി. വസന്തത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

അഡ്വ.പി.സതീദേവി, സി.എസ്.സുജാത (AIDWA), പത്മിനിടീച്ചര്‍, ബീനാ ജോബി (നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ്സ്), ചിഞ്ചുറാണി, (കേരള മഹിളാ സംഘം), ബിന്ദു.ആര്‍ (മഹിളാ കോണ്‍ഗ്രസ്സ് (എസ്), പി.തങ്കമണി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ജനുവരി 1-ന് സാമൂഹ്യ സംഘടനകള്‍ ആഹ്വാനം ചെയ്ത വനിതാ മതില്‍ ചരിത്രസംഭവമാക്കി വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനതല സംഘാടക സമിതി രൂപീകരണയോഗം ഡിസംബര്‍ 13-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ ചേരും.

സമൂഹത്തിന്റെ നാനാ മേഖലകളിലെ പ്രമുഖ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ സംഘടാക സമിതി രൂപീകരണയോഗത്തില്‍ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ഇടതുപക്ഷ മഹിളാ സംഘടനകളുടെ ജില്ലാതല യോഗങ്ങള്‍ ഡിസംബര്‍ 8, 9 തീയതികളില്‍ വിളിച്ച് ചേര്‍ത്ത് ജില്ലാതല സംഘടാകസമിതികള്‍ ഡിസംബര്‍ 20-നുളളില്‍ രൂപീകരിക്കും.

ഡിസംബര്‍ 15, 16, 17 തീയതികളില്‍ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. സംസ്ഥാനത്തുടനീളം വ്യാപകമായ നിലയില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 22, 23 തീയതികളില്‍ വില്ലേജ് തല കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 1-ന് ഒരു പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന വിധത്തില്‍ പെണ്‍കരുത്തിന്റെ പ്രതീകമായി വനിതാ മതില്‍ മാറ്റുന്നതിന് മുഴുവന്‍ സ്ത്രീകളും അണിനിരക്കണമെന്ന് കേരളീയ സ്ത്രീ സമൂഹത്തോട് യോഗം അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News