കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയ്യായിരം കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം മാത്രം.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് ചര്‍ച്ചയായില്ല.

നാല്‍പ്പതിനായിരം കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ കേരളത്തിലുണ്ടായത്. ഇതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

കേന്ദ്ര ചട്ടമനുസരിച്ച് അയ്യായിരം കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് കേരളം അപേക്ഷ നല്‍കി. ഇത് വെട്ടിക്കുറച്ച കേന്ദ്ര സഹായ സമിതി 3048.39 കോടി രൂപ കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്, ധനമന്ത്രി അരുണ്‍ ജറ്റ്‌ലി,കൃഷിമന്ത്രി രാധാമോഹന്‍സിങ്ങ് തുടങ്ങിയവരുടെ സമിതിയാണ് തുക നിശ്ചയിച്ചത്.

കേരളത്തെ കൂടാതെ നാഗാലാന്റ്,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം അനുവദിച്ചു. പ്രളയ സമയത്ത് അറുനൂറ് കോടി രൂപ മാത്രം അനുവദിച്ച് കേന്ദ്രം യുഎഇയുടെ സഹായം തടഞ്ഞത് ഏറെ വിവാദമായിരുന്നു.