നിയമം വ്യാഖ്യാനിക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ തമ്മില്‍ കുരുക്കുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്.

മൗലികാവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ജസ്റ്റിസുമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണിയും പറഞ്ഞു.

ജസ്റ്റിസ് കുര്യന്‍ ജോസഫിന് ദില്ലിയിലെ മലയാളി സംഘടനകള്‍ നല്‍കിയ വിടവാങ്ങല്‍ പരിപാടിയിലായിരുന്നു ഇരുവരുടെയും പ്രതികരണം.

നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ സമൂഹത്തിന്റെ കെട്ടുറപ്പ് കൂടി ജഡ്ജിമാര്‍ മുന്നില്‍ കാണണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പല കാര്യങ്ങളും താന്‍ പറയാത്തതാണെന്നും സ്വന്തം വ്യാഖ്യാനത്തിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ കഥ മെനഞ്ഞതാണെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

വിധിയിലൂടെ വിട്ടുപോയ കാര്യങ്ങള്‍ കോടതിയെ തന്നെ അറിയിക്കണം ക്രമമുണ്ടാക്കാനും ആക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങളെന്ന് ജസ്റ്റിസുമാര്‍ ഓര്‍ക്കണമെന്നും കുര്യന്‍ ജോസഫ് കൂട്ടിചേര്‍ത്തു.

കോടതി വിധിയിലൂടെ സമൂഹത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

മൗലികാവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം ഇല്ലെങ്കില്‍ അത് സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

കുര്യന്‍ ജോസഫിന്റെ വിടവാങ്ങല്‍ പരിപാടിയില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണന്താനം, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു