മഹാരാഷ്ട്രയിലെ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലാണ് ദാരുണമായ സംഭവം നടന്നത്.

വിനോദ സഞ്ചാരത്തിനായി കുടുംബ സമേതം ഇവിടെയെത്തിയതായിരുന്നു അനിൽ ഷിൻഡെയും ഭാര്യ സീമയും. ഇവരുടെ മകനും കൂടെയുണ്ടായിരുന്നു.

പകൽ കാഴ്ചകൾ കണ്ടു കറങ്ങി തിരികെ മുറിയിലെത്തിയതിന് ശേഷമുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

11 വയസായ മകൻ ഉറങ്ങിയ ശേഷമായിരുന്നു ഇവർ തമ്മിൽ വാക്കേറ്റം നടന്നത്. തർക്കം മൂത്ത് പ്രകോപിതനായ ഷിൻഡെ മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യ സീമയെ ആക്രമിക്കുകയായിരുന്നു.

മരണ വെപ്രാളത്തോടെയുള്ള സീമയുടെ അലർച്ച കെട്ടാണ് മകൻ ഞെട്ടി ഉണർന്നത്. തന്റെ കൺമുൻപിൽ അമ്മയെ കുത്തി പരിക്കേൽപ്പിക്കുന്ന അച്ഛനോട് ഉറക്കെ കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭാര്യയുടെ മരണം ഉറപ്പാക്കിയ ഇയാൾ അവിടെ വച്ച് തന്നെ സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന ഇയാൾക്ക് 34 വയസ്സ് പ്രായമുണ്ട്. കൊല്ലപ്പെട്ട സീമക്ക് 30 വയസ്സുമാണ് പ്രായം.

അച്ഛനും അമ്മയും പിടഞ്ഞു വീഴുന്ന ഭീകരമായ കാഴ്ച്ച കണ്ട് ഭയന്ന് വിറങ്ങലിച്ച കുട്ടി മുറിയിൽ നിന്നും പുറത്തേക്കോടി ഹോട്ടൽ മാനേജരെ വിവരമറിയിക്കുകയായിരുന്നു.

ഹോട്ടൽ അധികൃതർ ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ചു ദമ്പതികളെ അടുത്തുള്ള ആശുപത്രീയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് കൊലപാതകത്തിനും ആത്മഹത്യക്കും കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും ദമ്പതികൾ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കാരണം അന്വേഷിച്ചറിയുമെന്നും പോലീസ് വ്യക്തമാക്കി.