ദില്ലി: ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന കേസില്‍ സൈനികന്‍ പിടിയില്‍.

കലാപം നടന്ന മഹാവ് ഗ്രാമ സ്വദേശിയായ ജിതേന്ദ്ര മാലിക്കാണ് അറസ്റ്റിലായത്. ജമ്മു കാശ്മീരില്‍ ജോലി ചെയ്യുന്ന ഇയാളെ സൈനിക കമാന്‍ണ്ട് തടവിലാക്കി യുപി പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി തന്നെ കേസില്‍ കുടുക്കിയതാണന്ന് സൈനീകന്‍ പറഞ്ഞു.

പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ച് കൊല്ലുന്ന സമയത്തെ വീഡിയോ ദൃശ്യങ്ങളിലുള്ള സൈനീകനാണ് അറസ്റ്റിലായത്. നോര്‍ത്തേണ്‍ കമാണ്ടിന് കീഴില്‍ ജമ്മു കാശ്മീരില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവധിക്കായി ഗ്രാമത്തിലെത്തിയ സമയത്തായിരുന്നു ആള്‍കൂട്ട ആക്രമണം.

ബജ്റഗ്ദള്‍ പ്രവര്‍ത്തകരോടൊപ്പം അക്രമത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സൈനീകനാണ് സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ച് കൊന്നതെന്ന് സംശയിക്കുന്നു. അക്രമം നടന്ന തൊട്ടടുത്ത ദിവസം സിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിനൊന്നാം പ്രതി കൂടിയാണ് ജിത്തു അലിയാസ് ഫുജി എന്ന ജിതേന്ദ്ര മാലിക്ക്.

അക്രമത്തിന് ശേഷം ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ ഇയാളെ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ണ്ട് തടവിലാക്കി യുപി പോലീസിന് കൈമാറി. യുപി ക്രൈം വിഭാഗം ഐജി എസ്.കെ ഭഗത് അറസ്റ്റ് സ്ഥീതീകരിച്ചു.

അതേസമയം കേസില്‍ തന്നെ കുടുക്കിയതാണന്ന് സൈനാകന്‍ ആരോപിച്ചു. പശു കശാപ്പിനെക്കുറിച്ച് പരാതി പറയാന്‍ സ്റ്റേഷനില്‍ ചെന്ന തന്നെ പ്രതിയാക്കുകയായിരുന്നു. ആരെയും വെടിവച്ചിട്ടില്ലെന്നും സൈനീകന്‍ പറഞ്ഞു.

ഇയാളടക്കം 9 പേര്‍ ഇത് വരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഒന്നാം പ്രതിയായ ബജ്റഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ പ്രതികരിക്കാന്‍ യുപി പോലീസ് തയ്യാറായില്ല.

അക്രമത്തെ തുടര്‍ന്നുണ്ടായ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ മുഖം രക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമം തുടങ്ങി. അക്രമ സമയത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനേയും സി.ഐയേയും സ്ഥലം മാറ്റി.