ചിറകടിക്കും കണ്ണൂര്‍ ഇന്ന് ചരിത്രത്തിലേക്ക്; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂർ > കേരളത്തിലെ നാലാമത്തെ അന്താരാഷ‌്ട്ര വിമാനത്താവളം ഞായറാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിക്കും.

പതിറ്റാണ്ടുകളായി ഉത്തരമലബാർ കാത്തിരിക്കുന്ന ചരിത്രനിമിഷത്തിന്റെ സാക്ഷാത‌്കാരംകൂടിയാണിത‌്. മലബാറിന്റെ വികസന സ്വപ‌്നങ്ങൾക്ക‌് ചിറക‌് വിരിക്കുന്ന അപൂർവനിമിഷത്തെ വരവേൽക്കാൻ നാട‌് ഒരുങ്ങി. ഉദ‌്ഘാടന ചടങ്ങിന‌് സാക്ഷിയാകാൻ വൻജനാവലിയാണ‌് മട്ടന്നൂരിൽ എത്തുക.

രാവിലെ പത്തിന‌് അബുദാബിയിലേക്ക‌് പറക്കുന്ന ആദ്യ എയർ ഇന്ത്യ എക‌്സ‌്പ്രസ‌് വിമാനത്തിന‌് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ‌്പ്രഭുവും ചേർന്ന‌് പതാക വീശും.

പ്രശസ‌്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി താളപ്പെരുമയൊരുക്കും. ആദ്യയാത്രക്കാരെ മന്ത്രിമാർ വിമാനത്താവളത്തിലേക്ക‌് ഹൃദ്യമായി സ്വീകരിച്ചു യാത്രയാക്കും. ആദ്യദിവസം ഒമ്പ‌ത‌് ആഭ്യന്തര-അന്താരാഷ‌്ട്ര സർവീസുകൾ ഉണ്ടാവും.

സാങ്കേതിക മികവിനാലും സൗകര്യങ്ങളാലും 21ാംനൂറ്റാണ്ടിലെ വിമാനത്താവളമാണ‌് കണ്ണൂരിലേത‌്. 2300 ഏക്കർ സ്ഥലത്ത‌് 2350 കോടി രൂപ ചെലവഴിച്ചാണ‌് പൂർത്തിയാക്കിയത‌്.

മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ‌് വിമാനത്താവളം.

കേരള മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന‌് ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാനമന്ത്രി സി എം ഇബ്രാഹിം 1996 ഡിസംബർ 21ന‌ാണ‌് കണ്ണൂർ വിമാനത്താവളം പ്രഖ്യാപിച്ചത‌്.

2010 ഡിസംബർ 27ന‌് മുഖ്യമന്ത്രി വി എസ‌് അച്യുതാനന്ദൻ ശിലാസ്ഥാപനം നിർവഹിച്ചു‌. ഭരണം മാറിയപ്പോൾ നിർമാണ പ്രവൃത്തികൾ വീണ്ടും മന്ദീഭവിച്ചു.

യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് നിർമാണം 30 ശതമാനംപോലും പൂർത്തിയാകാതെ നാവികസേനയുടെ ഡോണിയർ വിമാനമിറക്കി വിമാനത്താവളം ഉദ‌്ഘാടനം ചെയ‌്തതായി പ്രഖ്യാപിച്ചു.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്നശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദൃഢനി‌ശ‌്ചയത്തോടെ നടത്തിയ ഇടപെടലിന്റെ ഫലമായാണ‌് കണ്ണൂർ വിമാനത്താവളം അന്താരാഷ‌്ട്രനിലവാരത്തോടെ നാടിന‌് സമർപ്പിക്കാനായത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here