കാര്‍ഗിലിലെ പാക് നു‍ഴഞ്ഞു കയറ്റത്തെക്കുറിച്ച് ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയെ നേരത്തെ അറിയിച്ചിരുന്നു; വെ‍ളിപ്പെടുത്തലുമായി റോ മുന്‍ മേധാവി എഎസ് ദുലാത്

1999 ലെ കാര്‍ഗിലിലെ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് നേരത്തെതന്നെ വിവരം നല്‍കിയിരുന്നുവെന്ന് റോ മുന്‍ മേധാവി എ എസ് ദുലാത്. ബിജെപി സര്‍ക്കാരിലെ ഉപപ്രധാനമന്ത്രിയായിരുന്നു എല്‍കെ അദ്വാനിയെ വിവരം അറിയിച്ചിരുന്നതായാണ് യുദ്ധ സമയത്ത് ഐബിയില്‍ ഉദ്യോഗസ്ഥനായിരുന്നു ദുലാതിന്റെ തുറന്നുപറച്ചില്‍.

പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിട്ടും പ്രതിരോധിക്കാന്‍ അന്നത്തെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ദുലാതിന്റെ വെളിപ്പെടുത്തല്‍

1999ല്‍ കാര്‍ഗിലിലെ പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം രഹസ്യാന്വേഷണവിഭാഗങ്ങളുടെ പരാജയമെന്നായിരുന്നു വാജ്‌പേയ് സര്‍ക്കാരിന്റെ പ്രചരണം. എന്നാല്‍ ഈ വാദം തള്ളി യുദ്ധ സമയത്ത് ഐബിയില്‍ ഉദ്യോഗസ്ഥനും മുന്‍ റോ മേധാവിയുമായി എ എസ് ദുലാത് രംഗത്തെത്തി്.

അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന എല്‍കെ അദ്വാനിയെ നുഴഞ്ഞുകയറ്റം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്നാണ് ദുലാത് ചണ്ഡീഗഡില്‍ സൈനിക സാഹിത്യോത്സവത്തില്‍ സംസാരിക്കവെ വ്യക്തമാക്കിയത്.

അതിര്‍ത്തിയില്‍ നടക്കുന്ന ചില അസ്വാഭാവിക നടപടികള്‍ സൈന്യത്തിന് ലഭിച്ച വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു റിപ്പോര്‍ട്ടായി അദ്വാനിക്ക് കൈമാറിയിരുന്നുവെന്ന് ദുലാത് പറയുന്നു. റിപ്പോര്‍ട്ടിനെ മുഖവിലയ്‌ക്കെടുത്ത് നേരത്തെ നുഴഞ്ഞുകയറ്റം പ്രതിരോധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിലെ ജീവനാശം വലിയ അളവില്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

എന്നാല്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ പരിഗണിക്കാത്ത വാജ്‌പേയ് സര്‍ക്കാറിന്റെ വീഴ്ചയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ കൊണ്ടു ചെന്നെത്തിച്ചത് എന്നും വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ 500ലേറെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിര്‍ത്തി സുരക്ഷ കൈകാര്യം ചെയ്യുന്നതില്‍ വാജ്‌പേയ് സര്‍ക്കാര്‍ വരുത്തിയ വീഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്ന ദുലാതിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News