ആർത്തവം അശുദ്ധമല്ല; സധൈര്യം മുന്നോട്ട്; പൗരാവകാശവും ലിംഗഭേദമില്ലാത്ത സമത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ്

സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൗരാവകാശവും ലിംഗഭേദമില്ലാത്ത സമത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങൾ ഇന്ന് മുതൽ ഏറ്റെടുക്കുകയാണ്.

ഭരണഘടനപോലും ലംഘിച്ചുകൊണ്ട് സ്ത്രീകളെ ജീവശാസ്ത്രപരമായ പ്രത്യേകതകളുടെപേരിൽ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുന്നതിനെതിരെ പ്രത്യേക ക്യാമ്പയിൻ നടത്തേണ്ട സാഹചര്യവും ഇപ്പോൾ ഉണ്ടായിരിക്കുകയാണ്.

ആർത്തവം അശുദ്ധിയാണെന്നും ഈശ്വര പ്രാർഥനപോലും ആ സമയത്ത് പാടില്ലെന്നും പറയുന്നത്ത സ്ത്രീകളോടുള്ള അവഹേളനമാണ്. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർത്തവത്തിന്റെപേരിൽ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത് എന്ന ആശയം മുൻനിർത്തി സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും വമ്പിച്ച പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഈ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മാർച്ച് 8 വനിതാദിനം വരെ നീളുന്ന വിപുലമായ പരിപാടികളുമായാണ് സധൈര്യം ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്

തിരിഞ്ഞുനോക്കുമ്പോൾ വളരെ അഭിമാനകരമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയമാറ്റങ്ങളാണ് കേരളത്തിൽ ഉണ്ടായതെന്ന് കാണാം. സമൂഹത്തിൽ നിലനിന്ന അനാചാരങ്ങളും അയിത്തവുമെല്ലാം തച്ചുടച്ച് നാമൊന്നായ പാരമ്പര്യമാണ് നമുക്കുള്ളത്.

സമൂഹത്തിന്റെ മാറ്റം നമ്മുടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും വികാസത്തിന് പിന്നിലുമുണ്ടായി. മാറു മറയ്ക്കാൻപോലും സ്വാതന്ത്ര്യമില്ലായിരുന്ന അവസ്ഥയിൽനിന്ന്ട സർവസ്വാതന്ത്ര്യത്തോടെ അടുക്കളയിൽനിന്നും അരങ്ങത്തേക്കെത്തി.

പുരുഷനോടൊപ്പംതന്നെ ഏത് മേഖലയിലും കഴിവ് തെളിയിക്കാൻ സ്ത്രീകൾക്കായി. കാലാകാലങ്ങളിൽവന്ന പുരോഗമന സർക്കാരുകളുടെ ഇച്ഛാശക്തി ഇതിനുപിന്നിൽ തീർച്ചയായും ഉണ്ട്.

സ‌്ത്രീശാക്തീകരണം

ഇങ്ങനെ പുരുഷന്മാരോടൊപ്പം സ്ത്രീകളും മുന്നോട്ടുവരുന്നതിനിടയിൽ പോലും അടുക്കളയിൽ തളയ്ക്കപ്പെട്ടുപോയവർമുതൽ സമൂഹത്തിന്റെ ഉന്നതിയിലിരിക്കുന്നവർവരെ പലതരം പീഡനങ്ങൾക്ക് വിധേയമാകാറുണ്ട്.

കുട്ടികളുടെയും സ്ത്രീകളുടെയും ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുക വനിതാവികസന വകുപ്പിന്റെ ലക്ഷ്യമാണ്. ഈ വാഗ്ദാനവുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ദൗത്യപൂർത്തീകരണത്തിനായി വനിതാ ശിശുവികസന വകുപ്പ് എന്ന പേരിൽ ആദ്യവർഷംതന്നെ പ്രത്യേക വകുപ്പ് രൂപീകരിച്ച് ആ വാഗ്ദാനം പാലിച്ചു.

കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ വനിത ശിശുവികസനത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിക്കാൻ ഈ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ ഒരു പരിധിവരെ കർശനമായി തടയാനും കുറ്റവാളികൾക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താനും സർക്കാരിനായി.

സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങൾ വിളിച്ചറിയിക്കാനും ഇടപെടാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കി. സ്ത്രീകൾക്കുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന “മിത്ര 181’ എന്ന ഹെൽപ്പ് ലൈൻ വനിതാവികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. നിരവധിപേർക്ക് ആശ്വാസം നൽകി ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു.

സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികൾ ആവിഷ്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുക, കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നൽകുക എന്നിവ ഈ വകുപ്പിന്റെ ചുമതലയിൽപ്പെടും.

ഗാർഹികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ രക്ഷിക്കുന്ന നിയമം 2005, സ്ത്രീധന നിരോധന നിയമം 1961, ശൈശവവിവാഹ നിരോധന നിയമം 2006, ഇമ്മോറൽ ട്രാഫിക്കിങ്ന പ്രിവൻഷൻ ആക്ട്, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം 2013, ലിംഗസമത്വവും ശാക്തീകരണവും ഉറപ്പാക്കുന്ന നയം,

നിർഭയ പോളിസി, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യൻ പോളിസികൾ എന്നിവ നടപ്പാക്കുക എന്നതിനോടൊപ്പം നിർഭയ ഹോമുകൾ, മഹിളാമന്ദിരങ്ങൾ, ഷോർട്ട് സ്റ്റേ ഹോമുകൾ, റസ്ക്യൂ ഹോം, ശരണബാല്യം, ആഫ്റ്റർകെയർ ഹോം, നിർഭയ ഷെൽട്ടർ ഹോം, സർവീസ് പ്രൊവൈഡിംഗ് സെന്റർ തുടങ്ങിയവയിലൂടെ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് വനിത ശിശുക്ഷേമവകുപ്പിന്റെ കടമകൾ.

വനിതാ കമീഷൻ, ബാലാവകാശ കമീഷൻ, വനിതാവികസന കോർപറേഷൻ, ജാഗ്രതാ സമിതികൾ, ജെൻഡർ ബജറ്റിങ്ർ തുടങ്ങിയവയും വനിതാ ശിശുവികസന വകുപ്പ് കൈകാര്യംചെയ്യുന്നതാണ്.

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെഭാഗമായി അടിയന്തരാവശ്യങ്ങൾക്കായി വിവിധ ജില്ലകളിൽനിന്ന് തനിച്ചെത്തുന്ന സ്ത്രീകൾക്ക് നഗരഹൃദയഭാഗത്തുതന്നെ സുരക്ഷിതമായ താമസസൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എന്റെ കൂട് കോഴിക്കോട്ടും തിരുവനന്തപുരത്തും സജ്ജമാക്കി. വൻ വിജയത്തെ തുടർന്ന് ഇത് എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന സ്ത്രീകൾക്ക് അവരുടെ ചികിത്സയ്ക്കും മറ്റുമായി സാമ്പത്തികസഹായം നൽകുന്നതിനും തീരുമാനമായി.

അതിക്രമത്തിന് വിധേയമാകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പരിശോധിച്ച് തെളിവിന് ആവശ്യമായ മുഴുവൻ സാമ്പിളുകളും ശേഖരിച്ച് ശാസ്ത്രീയവും കുറ്റമറ്റതുമായ തെളിവുശേഖരണത്തിനായി സേഫ് കിറ്റ് ആശുപത്രികൾക്ക് വിതരണംചെയ്തു. ഇന്ത്യയിലാദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.

വനിതകൾക്ക് അധിക ലോൺ നൽകി കൂടുതൽപേരെ സ്വയംപര്യാപ്തരാക്കാനായി ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാന വനിത വികസന കോർപറേഷന് 210.56 കോടി രൂപയുടെ ഗ്യാരന്റി അനുവദിച്ചുനൽകി. ഇതുകൂടാതെ അടുത്തിടെ 40 കോടിയുടെ അധിക ഗ്യാരന്റികൂടി നൽകിയിട്ടുണ്ട്.

ഉയർന്ന സർക്കാർ ഗ്യാരന്റിയിലൂടെ കോർപറേഷന്റെ പ്രവർത്തനമേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കാനും കൂടുതൽ സ്ത്രീകൾക്ക് മിതമായ നിരക്കിൽ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കാനും സാധിക്കുന്നു.

പട്ടികവർഗ സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കു വേണ്ടി സംസ്ഥാന വനിതാ കോർപറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷനുമായി ധാരണ പത്രം ഒപ്പുവച്ചു.

ഇത് പ്രകാരം ഈ സാമ്പത്തികവർഷം പട്ടികവർഗ വിഭാഗത്തിലെ വനിതകളുടെ ക്ഷേമത്തിനായി 56 ലക്ഷം രൂപ കോർപറേഷൻവഴി നൽകാനാകും.

സുപ്രീം കോടതിവിധിയെയും ഭരണഘടനാപരമായ അവകാശങ്ങളെയും പരിഹസിച്ചുകൊണ്ടാണ് ചിലർ ഫ്യൂഡൽ കാലഘട്ടത്തിലെ അടിമത്തം സ്ത്രീകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. അതിനാലാണ് ‘സധൈര്യം മുന്നോട്ട്’ ക്യാമ്പെയ്നി ൽ സ്ത്രീ‐ആർത്തവം‐പൗരാവകാശം കൂടി ഉൾപ്പെടുത്തിയത്

ഒത്തൊരുമിച്ച് മുന്നേറാം

സ്ത്രീശാക്തീകരണത്തിനായി സ്ത്രീധനം, ഗാർഹികപീഡനം, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവയ്ക്കെ്തിരെ വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച തുടർ ക്യാമ്പയിനാണ് സധൈര്യം മുന്നോട്ട്. ഇതിനിടയിലാണ് ആർത്തവത്തിന്റെപേരിൽ സ്ത്രീകളെ ആരാധനയിൽനിന്നുപോലും മാറ്റിനിർത്തുന്ന സ്ഥിതിയുണ്ടായത്.

സുപ്രീം കോടതിവിധിയെയും ഭരണഘടനാപരമായ അവകാശങ്ങളെയും പരിഹസിച്ചുകൊണ്ടാണ് ചിലർ ഫ്യൂഡൽ കാലഘട്ടത്തിലെ അടിമത്തം സ്ത്രീകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. അതിനാലാണ് ‘സധൈര്യം മുന്നോട്ട്’ ക്യാമ്പെയ്നി ൽ സ്ത്രീ‐ആർത്തവം‐പൗരാവകാശം കൂടി ഉൾപ്പെടുത്തിയത്.

എല്ലാ പൗരാവകാശങ്ങളും എല്ലാവർക്കും എന്ന ലക്ഷ്യവുമായാണ് ‘സധൈര്യം മുന്നോട്ട്’ പ്രചാരണം നടക്കുന്നത്. ആർത്തവം അശുദ്ധമല്ല എന്ന് യുവ തലമുറയ്ക്ക് ശാസ്ത്രീയമായി അവബോധം നൽകുന്നതിനായാണ് ക്യാമ്പസുകളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനാണ്ക സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നിന് വനിതാ മതിൽ സംഘടിപ്പിക്കുന്നത്.സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒന്നാണിത്.

സമൂഹത്തിന്റെ തുടർച്ചയായുള്ള ഇടപെടലിന്റെ ഫലമായാണ് സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനവും വിദ്യാഭ്യാസവുമെല്ലാം നേടിയെടുക്കാനായത്.

അടിമത്തത്തിന്റെ പഴയ കാലത്തേക്ക് സമൂഹം തിരിച്ചുപോകാൻ പാടില്ല. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ വനിതകളും ഒത്തുചേരണം. കാരണം ഇത് നമ്മുടെ നിലനിൽപ്പിന്റെ പോരാട്ടമാണ്.

സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡേഴ്സുമെല്ലാം അടങ്ങിയ പുരോഗമനവിശ്വാസികളുടെ വലിയ സമൂഹം നമ്മുടെ കൂടെയുണ്ട്. ഇരുട്ടിന്റെ ശക്തികളെ നമുക്ക് ഒറ്റപ്പെടുത്താം.

ഒരു പെൺകുട്ടി പോലും ആക്രമിക്കപ്പെടാത്ത, സ്ത്രീയായതിന്റെപേരിൽ അവഹേളിക്കപ്പെടാത്ത സമൂഹത്തിന്റെ സൃഷ്ടിക്കായി നമുക്ക് ഒത്തൊരുമിക്കാം. സധൈര്യം മുന്നോട്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here