ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറി; ആര്‍ക്കും ദര്‍ശനം നടത്താം; ഹൈക്കോടതി നിരീക്ഷണം പൊലീസ് തടഞ്ഞെന്ന ബിജെപി പ്രവര്‍ത്തകരുടെ ഹര്‍ജി തള്ളിക്കൊണ്ട്

കൊച്ചി: ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ പ്രശനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആര്‍ക്കും ദര്‍ശനം നടത്താവുന്ന സാഹചര്യമാണ് അവിടെയുള്ളതെന്നും നിരീക്ഷിച്ചു. ശബരിമലയില്‍ ദര്‍ശനം പൊലീസ് തടഞ്ഞെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ചാലക്കുടിയില്‍ നിന്നു ദര്‍ശനത്തിനെത്തിയ 25 അംഗ സംഘത്തിലെ 3 പേരെ പൊലീസ് തടഞ്ഞെന്ന പരാതിയാണ് കോടതി പരിഗണിച്ചത്. ബിബിന്‍, വിബിന്‍, അഖില്‍ എന്നിവരാണ് തങ്ങളെ, പോലീസ് ദര്‍ശനത്തിന് അനുവദിച്ചില്ല എന്ന് കോടതിയില്‍ പരാതി ഉന്നയിച്ചത്.

എന്നാല്‍ ഇവര്‍ സുപ്രീംകോടതി വിധിക്കെതിരെ ചാലക്കുടിയില്‍ പ്രതിഷേധം നടത്തിയവരാണന്നും രണ്ടു പേര്‍ക്കെതിരെ നേരത്തെ കേസ് നിലവിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ബിജെപി സര്‍ക്കുലറില്‍ ഇവരുടെ പേരുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തിലുള്ള പ്രശ്‌നക്കാരെ മാത്രമെ പൊലീസ് തടഞ്ഞിട്ടുള്ളുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സമാധാനപരമായ ദര്‍ശനത്തിന് തടസ്സമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതെ തുടര്‍ന്ന് ഹര്‍ജി തള്ളിയ കോടതി ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്ന് നിരീക്ഷിച്ചു.

നിലവില്‍ അവിടെ ഒരു പ്രശ്‌നങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആര്‍ക്കും ദര്‍ശനം നടത്താവുന്ന സാഹചര്യമാണുള്ളതെന്നും നിരീക്ഷിച്ചു.

ശബരിമലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മൂലം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ മറ്റൊരു ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തതായും കോടതി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here