അഡ്ലെയ്ഡില്‍ ഇന്ത്യ ചരിത്രമെ‍ഴുതി; പൂജാരയ്ക്ക് നന്ദി, 10 വര്‍ഷത്തിനിടെ ഓസീസ് മണ്ണില്‍ ചരിത്ര ജയം

അഡലെയ്ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയാഹ്ലാദ നൃത്തം. ഓസ്ട്രേലിയയിൽ ടെസ്റ്റ്‌ പാരമ്പയിൽ ചരിത്രത്തിൽ ആദ്യമായി ആദ്യ ടെസ്റ്റിൽ വിജയം.

ഒന്നാം ഇന്നിങ്സിലെ 15 റൺസ് ലീഡ് ഇന്ത്യയ്ക്ക് നിർണായകമായി. ഓരോ റണ്ണിനും വേണ്ടി ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം 31 റണ്‍സിന്.

ഈ വിജയത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

ഒപ്പം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തം പേരില്‍ ചേര്‍ത്തു. ആദ്യ ഇന്നിങ്‌സില്‍ 123 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 71 റണ്‍സും നേടിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ താരം

322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു ഓസീസ് മണ്ണില്‍ ഇന്ത്യയുടെ അവസാന ടെസ്റ്റ് വിജയം.

സ്‌കോര്‍: ഇന്ത്യ-250 & 307, ഓസ്ട്രേലിയ-235, 291

നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസം തുടക്കത്തില്‍ തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റണ്‍സെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്.

പിന്നീട് ആറാം വിക്കറ്റില്‍ മാര്‍ഷ് ടിം പെയ്‌നുമായി ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സ് കര കയറ്റാന്‍ നോക്കി. ഇരുവരും 41 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ 60 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.73 പന്തില്‍ 41 റണ്‍സടിച്ച് സ്‌കോറിങ് വേഗത കൂട്ടിയ പെയ്‌നിനെ ബുംറ തിരിച്ചയച്ചു.

ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. അവസാന വിക്കറ്റില്‍ ഹെയ്‌സെല്‍വുഡും ലിയോണും വീണ്ടും കാര്യങ്ങള്‍ ഓസ്‌ട്രേലിയക്ക് അനുകൂലമാക്കി.

ഒടുവില്‍ ഹെയ്‌സെല്‍വുഡിനെ രാഹുലിന്‍റെ കൈയിലെത്തിച്ച് അശ്വിന്‍ ആ ചെറുത്തു നില്‍പ്പും അവസാനിപ്പിച്ചു. 38 റണ്‍സുമായി ലിയോണ്‍ പുറത്താകാതെ നിന്നു. വാലിൽക്കുത്തി എഴുന്നേൽക്കാനുള്ള ഓസ്ട്രേലിയയുടെ ശ്രമത്തെ കൂട്ടായ പോരാട്ടത്തിലൂടെയാണ് ഇന്ത്യ മറികടന്നത്.

ഇതോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച പെർത്തിൽ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here