രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എല്ലാ വായ്പകളുടെയും അടിസ്ഥാന പലിശ നിരക്ക് (എംസിഎല്‍ആര്‍) 5 ബേസിസ് പോയിന്റ് വീതം ഉയര്‍ത്തി. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിലാണ് അഞ്ച് ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തിയത്. ഭവന, വാഹന വായ്പകള്‍ എന്നിവയുള്‍പ്പെടുന്ന വിവിധ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ ഇതുപ്രകാരം വര്‍ധവുണ്ടാകും.

പുതുക്കിയ നിരക്ക് പ്രകാരം ഒരു രാത്രിയ്ക്ക് 8.20 ശതമാനവും മൂന്നുമാസത്തെ എംസിഎല്‍ആര്‍ 8.25 ശതമാനവും ആറുമാസത്തെ എംസിഎല്‍ആര്‍ 8.40 ശതമാനവും ഒരു വര്‍ഷത്തേത് 8.55 ശതമാനവും 2 വര്‍ഷത്തേത് 8.65 ശതമാനവും 3 വര്‍ഷത്തേത് 8.75 ശതമാനവുമാണ്.

ഇതോടൊപ്പം ബിസിഎല്‍ആര്‍, ബേസ് റേറ്റ് എന്നിവയിലും യഥാക്രമം 13.80 ശതമാനവും 9.05 ശതമാനവുമാണ് നിരക്ക് വര്‍ധനവുണ്ടായിട്ടുണ്ട്.