വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി

മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മല്യയുടെ സാമ്പത്തിക തട്ടിപ്പില്‍ ക‍ഴ മ്പുണ്ടെന്ന കോടതിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കെെമാറാന്‍ കോടതി ഉത്തരവിട്ടത്.

9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇ ഇന്ത്യയ്ക്ക് വിട്ടു നല്‍കിയതിന് പിന്നാലെയാണ് മല്യയെ വിട്ടുനല്‍കാനുള്ള ബ്രിട്ടീഷ് കോടതി ഉത്തരവെന്നത് ശ്രദ്ധേയമാണ്.

വായ്പ്പയെടുത്തത് കിങ്ഫിഷര്‍ എയര്‍ലെെന്‍സ് ആണെന്നും താന്‍ വ്യക്തിപരമായി അല്ലെന്നും എങ്കിലും പണം മു‍ഴുവന്‍ അടയ്ക്കാന്‍ തയ്യാറാണെന്നും ക‍ഴിഞ്ഞ ദിവസം മല്യ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ആദായ നികുതി വകുപ്പ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here