ദില്ലി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് ഭരണം നഷ്ടമായി. ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.
രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ബിജെപി അടിപതറി. ഇവിടെ കോണ്‍ഗ്രസ് അധികാരമുറപ്പിച്ച് മുന്നേറുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്തപരാജയത്തിലേക്കാണ് ബിജെപി നിങ്ങുന്നത്. ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു. കേവലഭൂരിപക്ഷം നേടിയ ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം.
മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി. ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും. മിസോറാമില്‍ ബിജെപിക്ക് സീറ്റൊന്നും ഇല്ല.
പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, നോട്ട് നിരോധനം, ജിഎസ്ടി, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊല തുടങ്ങിയവ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്.
രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്.

Get real time update about this post categories directly on your device, subscribe now.