ബിജെപിക്കെതിരായ ശക്തമായ ജനവികാരത്തെ പൂര്‍ണമായും നേട്ടമാക്കാന്‍ ക‍ഴിയാതെ കോണ്‍ഗ്രസ്

ബിജെപി നയിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണ വിരുദ്ധ വികാരം നേട്ടമാക്കാനാകാതെ കോണ്‍ഗ്രസ്.

പല കാരണങ്ങള്‍ പറഞ്ഞ് ചെറുകക്ഷികളെ അകറ്റി നിര്‍ത്തിയ കോണ്‍ഗ്രസ് സമീപനമാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ലഭിക്കുമായിരുന്ന മികച്ച മാര്‍ജിനിലെ വിജയം നഷ്ടമാക്കിയത്.

ബിഎസ്പി,എസ്പി,ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിര്‍ണായകമായ സ്വാധീനമാണ് 50 ലേറെ മണ്ഡലങ്ങളിലുണ്ടാക്കിയത്.

സഖ്യം വഴി ഈ സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന് നേടാനാകുമായിരുന്നു. കര്‍ണാടക, ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച മാതൃക പിന്തുടരാന്‍ തയ്യാറാവാഞ്ഞതാണ് മൃഗീയ ഭൂരിപക്ഷം നേടുന്നതില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്.

വിശാലമായ പ്രതിപക്ഷ ഐക്യം മുന്‍നിര്‍ത്തി വിട്ടുവീഴ്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന സൂചനകൂടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കെതിരായി ആഞ്ഞടിച്ച ജനവികാരം പ്രതീക്ഷിച്ചതിലുമേറെയായിരുന്നു. എന്നാല്‍ ആ ബിജെപി വിരുദ്ധവികാരത്തെ സീറ്റുകളാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് പൂര്‍ണമായും സാധിച്ചിട്ടില്ല.

ചെറുപാര്‍ട്ടികളോട് സ്വീകരിച്ച സമീപനമാണ് ഇതിന് കാരണം. ഇരു സംസ്ഥാനങ്ങളിലും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഉള്‍പ്പെടെ ചെറുപാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ച് ബിജെപി വിരുദ്ധ വോട്ടുകളുടെ വലിയ ശതമാനവും സ്വന്തമാക്കി.

രാജസ്ഥാനിലും മധ്യപ്രദേശിലും 5 ശതമാനം വീതം വോട്ടുകള്‍ ബിഎസ്പി നേടി. ഒന്നരലക്ഷം വോട്ടുകളാണ് സമാജ്വാദി പാര്‍ട്ടി മധ്യപ്രദേശില്‍ സ്വന്തമാക്കിയത്.

ഒരുപക്ഷേ ചെറുപാര്‍ട്ടികളെകൂടെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍്ഗ്രസിന് സാധിച്ചിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു.

മധ്യപ്രദേശില്‍ 120ഉം രാജസ്ഥാനില്‍ 140ഓളവും സീറ്റ് സ്വന്തമാക്കാനാകുമായിരുന്നു. ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ച് മത്സരിച്ച് മികച്ച പ്രകടനം നടത്തി.

കര്‍ണാടകയില്‍ ജെഡിഎസിനെ കൂട്ടുപിടിച്ച് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കോട്ടകള്‍ പിടിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ലോക്‌സഭാ സീറ്റുകള്‍ പിടിക്കാന്‍ സഖ്യമായി മത്സരിച്ചത് സഹായകമായി.

ഈ മാതൃകകള്‍ മുന്നിലുണ്ടായിരിക്കെയാണ് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന്റെ എടുത്തു ചാട്ടം. പ്രതിപക്ഷ ഐക്യത്തിനായി, ബിജെപി വിരുദ്ധ മുന്നേറ്റത്തിനായി വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകേണ്ടിയിരിക്കുന്നു.

ലോകസഭാ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നല്‍കുന്ന പാഠങ്ങളിലൊന്നിതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News