ശ്രീനിവാസനെ പോലെ ആരും എന്നെ ഇതുവരെ വേദനിപ്പിച്ചിട്ടില്ല; നടനെതിരെ പുതിയ വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂര്‍

കൊച്ചി: നടന്‍ ശ്രീനിവാസനെതിരെ പുതിയ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

മോഹന്‍ലാല്‍ അഭിനയിച്ച് ഹിറ്റായ ചിത്രം ഉദയനാണു താരം എന്ന സിനിമയ്ക്കു പിന്നാലെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ ഇതിന്റെ രണ്ടാം ഭാഗം ഇറക്കിയെന്നും ഇത് ചോദിച്ച തന്നെ വളരെ മോശമായി ചിത്രീകരിച്ചുവെന്നും ആന്റണി പറഞ്ഞു.

ഉദയനാണു താരത്തിന് രണ്ടാംഭാഗം ഇറക്കിയതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളില്‍ വന്നിരുന്ന് ശ്രീനിവാസന്‍ പറഞ്ഞുവെന്നും ആന്റണി വെളിപ്പെടുത്തി.

ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ലാല്‍ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി. അതില്‍ ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.

അന്നു വൈകീട്ട് ശ്രീനിവാസന്‍ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാല്‍ ‘ആന്റണീ, ഈകേട്ടതു ശരിയാണോ’ എന്നുചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസിലാകുന്നില്ല.

ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടുകാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല’ ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News