കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭരണാനുമതി.

സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ കേരളത്തില്‍ ആരംഭിക്കുന്ന സ്‌കിന്‍ ബാങ്കെന്ന പ്രത്യേകതയുമുണ്ട്. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നതിനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതിയായി.

സ്‌കിന്‍ ബാങ്കിന്റേയും ബേണ്‍സ് ഐ.സി.യുവിന്റേയും നിര്‍മ്മാണത്തിനായി 2.175 കോടി രൂപയും ബേണ്‍സ് ഐ.സി.യു.വില്‍ ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിനു 1.290 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

ഇതിന്റെ ആദ്യഘട്ടമായി 2.079 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഉദ്ഘാടനം കഴിഞ്ഞ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സര്‍ജിക്കല്‍ ഐ.സി.യു. മാറ്റിയ സ്ഥലത്താണു പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ സ്‌കിന്‍ ബാങ്കും ബേണ്‍സ് ഐ.സി.യു.വും നിര്‍മിക്കുന്നത്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ച് വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്.

മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ കരള്‍, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങള്‍ നിശ്ചിത മണിക്കൂറിനകം ചേര്‍ത്ത് പിടിപ്പിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളു.

എന്നാല്‍ ത്വക്കാകട്ടെ ബ്ലഡ് ബാങ്ക് പോലെ സംഭരിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയും.സ്‌കിന്‍ ബാങ്ക് സാധ്യമാകുന്നതോടെ അവയവദാനത്തോടൊപ്പം സ്‌കിന്‍ ട്രാന്‍സ്പ്ലാന്റിനും വഴിതെളിയും,

ബയോ സേഫ്റ്റി ക്യാബിനറ്റ്, ആട്ടോക്ലേവ്, സെന്‍ട്രിഫ്യൂജ്, ഒപ്റ്റിക്കല്‍ ഷേക്കര്‍, ബി.ഒ.ഡി. ഇങ്ക്യുബേറ്റര്‍, വാക്ക് ഇന്‍ റെഫ്രിജറേറ്റര്‍ തുടങ്ങിയ സജീകരണങ്ങളോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്.

പുറ്റിങ്ങല്‍ അപകട സമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായ പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിന് കഴിഞ്ഞിരുന്നു.

ഇതിന്റെ പ്രാധാന്യം പരിഗണിച്ചാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്താനും സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.