ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും. ഭോപ്പാലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.

മുഖ്യമന്ത്രി പദം ആഗ്രഹിച്ച ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പതിറ്റാണ്ടിലേറെയായി പാര്‍ലമെന്ററി രംഗത്തുള്ള കമല്‍നാഥ് മുഖ്യമന്ത്രിയാകുന്നത് ഇതാദ്യമാണ്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അര്‍ഹിച്ച പരിഗണന നല്‍കുമെന്ന ഉറപ്പിന്മേലാണ് വിട്ടുവീഴ്ചകള്‍ക്ക് സിന്ധ്യ തയ്യാറായത്. സര്‍ക്കാരിന് 121 പേരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാത്രി 9 മണിയോടെ പ്രഖ്യാപനം ഉണ്ടാകും

ചെറുകക്ഷികളെ കൂടെ കൂട്ടിയുണ്ടാക്കുന്ന സര്‍ക്കാരിനെ നയിക്കാന്‍ പൊതുസ്വീകാര്യനായ നേതാവുണ്ടാകണം, മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ പിന്തുണ, കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ ഇക്കാരണങ്ങള്‍ ഗുണം ചെയ്തു. പതിറ്റാണ്ടുകളായി പാര്‍ലമെന്ററി രാഷ്ട്രീയത്തുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് കമല്‍നാഥിന്റെ ആദ്യ ഊഴമാണിത്.

പിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എഐസിസി നിരീക്ഷകന്‍ എകെ ആന്റണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന ഹൈക്കമാന്റിന്റെ ഉറപ്പിലാണ് വിട്ടുവീഴ്ചകള്‍ക്ക് സിന്ധ്യ തയ്യാറായത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തില്ലെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രധാന വെല്ലുവിളി ഇല്ലാതായിരുന്നു. ബിഎസ്പി, എസ്,പി, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 121 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പിന്തുണ തെളിയിക്കുന്ന കത്ത് ഗവര്‍ണറെ കണ്ട് കൈമാറിയ ശേഷമായിരുന്നു മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടന്നത്.

മഹാകോശല്‍,ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ കേന്ദ്രീകരിക്കുന്ന നേതാവെന്ന പേരുദോഷത്തെ കമല്‍നാഥിന് അതിജീവിക്കേണ്ടതുണ്ട്. കര്‍ഷക പ്രശ്നങ്ങള്‍,വികസന വിഷയങ്ങള്‍ തുടങ്ങി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കാത്ത് നില്‍ക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്.