പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടു. ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞു.

പ്രളയദുരിതാശ്വാസ സഹായം അപര്യാപ്തമെന്ന് ചൂണ്ടികാട്ടി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു.അതേ സമയം പാര്‍ലമെന്റ് ആക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ അന്തരിച്ചവര്‍ക്ക് പാര്‍ലമെന്റ് ആദരാജ്ഞലികളര്‍പ്പിച്ചു.

പ്രളയ ദുരിതാശ്വാസ സഹായത്തിലെ കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു. സഭ വിഷയം അടിയന്തര ചര്‍ച്ച ചെയ്യണമെന്നും, അവഗണന അവസാനിപ്പിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവശേത്തിലുള്ള പ്രതിപക്ഷ നിരയെ നേരിടാനാകാതെ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യസഭയും ലോക്‌സഭയും നേരത്തെ പിരിഞ്ഞു.അഞ്ച് മിനിറ്റ് പോലും ചേരാതെയാണ് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.

ചെയറിലുണ്ടായിരുന്ന സഭ അദ്ധ്യക്ഷന്‍ വെങ്കയനായിഡു പല തവണ ശ്രമിച്ചെങ്കിലും ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി.പ്ലകാര്‍ഡുകളും ഉയര്‍ത്തി കാട്ടിയതോടെ സഭ പിരിച്ച് വിട്ടു.

ലോകസഭയെ റഫേല്‍,ആന്ധ്ര പ്രത്യേക പദവി ,കേരളത്തിലെ പ്രളയം തുടങ്ങി വിഷയങ്ങള്‍ ബഹളമുഖരിതമാക്കി.സ്പീക്കര്‍ സുമിത്ര മഹാജന്‍ രണ്ട് തവണ സഭ നിറഉത്തി വച്ചു.

പക്ഷെ വീണ്ടും സഭ ആരംഭിച്ചപ്പോഴേല്ലാം എം.പിമാര്‍ പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേയ്ക്ക് ലോക്‌സഭയും പിരിഞ്ഞു.പ്രതിപക്ഷ ബഹളത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗം ചേര്‍ന്നു.

അതേ സമയം പാര്‍ലമെന്റ് ആക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് എം.പിമാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ചു.

മരിച്ചവരുടെ ഛായ ചിത്രത്തിന് മുന്നില്‍ പ്രധാനമന്ത്രിമാരും മന്ത്രിമാരും ,രാഹുല്‍ഗാന്ധി തുടങ്ങി പ്രതിപക്ഷ നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.