കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെഎം ഷാജിക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ.എം ഷാജി അഴീക്കോട് തെരഞ്ഞെടുപ്പ് കേസിലെ ഔദ്യോഗിക സാക്ഷികളായ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി, കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെവി ഷാജു എന്നിവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സുപ്രീംകോടതി തന്നെ ഇടപെട്ട് പ്രത്യേക സാക്ഷി സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കെയാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടിയായ സാക്ഷികള്‍ക്കെതിരെ ഷാജി ഭീഷണി ഉയര്‍ത്തിയത്.

അഴിക്കോട് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയതായി തെളിഞ്ഞതിനെ തുടര്‍ന് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുക്കുകയും കേസ് എടുക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരി. ഈ വിദ്വേഷം വെച്ചാണ് കെഎം ഷാജി ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയത്.