മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിച്ച് കരുത്ത് കാട്ടാനൊരുങ്ങി കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പദവി വേണമെന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം തള്ളിയാണ് ഹൈക്കമാന്‍ഡ് കമല്‍നാഥിനെ പരിഗണിച്ചത്. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു തീരുമാനം. പതിറ്റാണ്ടിലേറെയായി പാര്‍ലമെന്ററി രംഗത്തുള്ള കമല്‍നാഥ് മുഖ്യമന്ത്രിയാകുന്നത് ഇതാദ്യമാണ്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അര്‍ഹിച്ച പരിഗണന നല്‍കുമെന്ന ഉറപ്പിന്മേലാണ് വിട്ടുവീഴ്ചകള്‍ക്ക് സിന്ധ്യ തയ്യാറായതെന്നാണ് സൂചന. ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച് കരുത്ത് കാട്ടാനാണ് കോണ്‍ഗ്രസ് ആലോചന

നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കീറാമുട്ടിയായത് മുഖ്യമന്ത്രിയെ തീരുമാനിക്കലായിരുന്നു. മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിന് വഴങ്ങി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പദം കമല്‍നാഥിന് നല്കാന്‍ സമ്മതം മൂളിയത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ രാഹുലിന് എംഎല്‍എമാരും നേതാക്കളും അനുമതി നല്‍കിയിരുന്നെങ്കിലും ഒറ്റയ്ക്ക് തീരുമാനം എടുക്കാനുള്ള ധൈര്യം രാഹുല്‍ കാട്ടിയില്ല. സോണിയ ഗാന്ധി , എ കെ ആന്റണി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയാണ് രാഹുല്‍ തീരുമാനത്തിലെത്തിയത്.

തീരുമാനം ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തെ തീരുമാനം അറിയിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഇരു നേതാക്കള്‍ക്കുമായി എംഎല്‍എമാരും അണികളും തെരുവിലിറങ്ങുന്ന സാഹചര്യവും മധ്യപ്രദേശിലുണ്ടായി. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

അതേസമയം കമല്‍നാഥ് മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായതോടെ സിഖ് കലാപത്തിലെയും റക്കബ്ഗഞ്ജ് ഗുരുദ്വാര സംഭവത്തിലെയും കമല്‍നാഥിന്റെ പങ്ക് ചൂണ്ടികാട്ടി ബിജെപിയും വിവിധ സിഖ് പാര്‍ട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്.

കമല്‍നാഥിനെ ഇക്കാര്യം മുന്‍നിര്‍ത്തി ആക്രമിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഒരേ സമയം കമല്‍നാഥിനെയും പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെയും പ്രതിരോധത്തിലാക്കാമെന്നതാണ് ബിജെപി കാണുന്ന നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here