അയ്യനെ കാണാനെത്തുന്നവര്‍ സന്നിധിയിലെ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാതെ മടങ്ങില്ല; അതിനു പിന്നിലെ രസകരമായ കാരണം ഇങ്ങനെ

സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിനും വാവരു നടക്കുമൊപ്പം ഭക്തി സാന്ദ്രമായ ഒന്നാണ് അയ്യപ്പ സന്നിധിയിലെ പോസ്റ്റ് ഓഫീസ്.

അയ്യപ്പനെ കാണാന്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ എത്താതെ മടങ്ങാറില്ല. അയ്യപ്പ മുദ്രപതിപ്പിച്ച് കത്തയക്കാനാണ് ഭക്തര്‍ പോസ്റ്റ് ഓഫീസ് തേടിയെത്തുന്നത്.

അയ്യപ്പസന്നിധിയിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് വീട്ടിലേക്കൊരു കത്തയയ്ക്കുക എന്നത് ഏതൊരു ഭക്തന്റെയും ആഗ്രഹമാണ്. കത്തയച്ച് പതിവില്ലെങ്കിലും അയ്യപ്പനെ കാണാന്‍ എത്തിയാല്‍ സന്നിധാനത്തെ ഈ തപാലാഫീസില്‍ നിന്ന് സ്വാമിമാര്‍ കത്തയക്കുന്നത് പതിവാണ്.

കത്തയച്ച് വീട്ടിലെത്തി കാത്തിരുന്നാല്‍ പതിനെട്ടാം പടിക്ക് മുകളിലിരിക്കുന്ന അയ്യപ്പന്റെ മുദ്ര പതിപ്പിച്ച കത്ത് വീട്ടിലെത്തും. അതിനാല്‍ ധാരാളം പേരാണ് കത്തയയ്ക്കാന്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ എത്തുന്നത്.

ഭക്തജനങ്ങള്‍ക്ക് പുറമെ ഡ്യൂട്ടിക്കായി ശബരിമലയിലെത്തുന്ന തൊഴിലാളികളും ഉദ്യോഗസ്ഥരും കത്തയക്കാന്‍ എത്താറുണ്ട്.1960ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 1975 ലാണ് അയ്യപ്പന്റെ മുദ്ര ഉപയോഗിച്ച് തുടങ്ങിയത്.

689713 എന്ന പിന്‍ കോടില്‍ അറിയപ്പെടുന്ന ഓഫീസ് സീസണില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ് അയ്യപ്പനെ തേടിയെത്തുന്ന കത്തുകളും ഇവിടെ എത്താറുണ്ട്. ഒപ്പം അയ്യപ്പന്റെ പേരിലെത്തുന്ന മണിയോഡറുകളും ധാരാളമാണ്.

ഇവയെല്ലാം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ ഏല്‍പ്പിക്കാറാണ് പതിവ്. എന്തായാലും കത്തുകള്‍ മരിക്കുന്ന ഇക്കാലത്ത് അയ്യപ്പന് വേണ്ടി എഴുതുന്ന വരികള്‍ ഭക്തിക്കപ്പുറം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News