
കേരളത്തിന്റെ 23ാമത് ചലച്ചിത്രമേള കൊടിയിറങ്ങിക്കഴിഞ്ഞാലും കാണികളുടെ മനസ്സില്‍ നിന്ന് മായാത്ത ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് വിനു കോളിച്ചാലിന്റെ `ബിലാത്തിക്കുഴല്‍’. നേരത്തേ മുംബൈ ചലച്ചിത്രമേളയില്‍ നേടിയ കൈയ്യടിയുടെ അലകളടങ്ങും മുമ്പേയാണ് ചിത്രം കേരളത്തിന്റെ ചലച്ചിത്ര മേളയിലും ഇടം നേടിയത്. മേളയില്‍ നവാഗത ഇന്ത്യന്‍ സംവിധായകര്‍ക്കായുള്ള പ്രഥമ കെ ആര്‍ മോഹന്‍ പുരസ്‌കാരസമിതിയുടെ പ്രത്യേക പരാമര്‍ശ്ശം സിനിമ നേടി. നാളെ ഈ സംവിധായകന്‍ മലയാള സിനിമയുടെ യശ്ശസ്സുയര്‍ത്തുമെന്നാണ് ജൂറി പരാമര്‍ശ്ശം.
2018ലെ മികച്ച സിനിമകളിലൊന്നായി പ്രശസ്ത നിരൂപകന്‍ സിഎസ് വെങ്കിടേശ്വരന്‍ നേരത്തേ തന്നെ തെരഞ്ഞെടുക്കുകയും വിസ്തരിച്ചു തന്നെ എഴുതുകയും ചെയ്ത സിനിമയാണ് ബിലാത്തിക്കുഴല്‍. സിഎസ് വെങ്കിടേശ്വരന്‍ സിനിമയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ”മലയാളത്തിലെ നടപ്പ് ന്യൂജെന്‍ രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പാത പിന്തുടരുന്ന സിനിമയാണിത്. നിരന്തരമായ ചലനവും ചടുലമായ സന്നിവേശരീതികളും തീവ്രമായ വൈകാരികമുഹൂര്‍ത്തങ്ങളും മറ്റുമാണ് നടപ്പ് ന്യൂജന്‍ സിനിമകളുടെ മുഖമുദ്രയെങ്കില്‍ ബിലാത്തിക്കുഴല്‍ അതിന്റെ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത്. ഇവിടെ ദൃശ്യങ്ങളുടെ ദൈര്‍ഘ്യത്തിലും ധ്യാനാത്മകതയിലുമാണ് ഊന്നല്‍. പ്രേക്ഷകരെ അവരവരിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന ഒരു രീതിയാണത്. നമുക്ക് ശീലമുള്ള ദൃശ്യഹരങ്ങളില്‍നിന്നും അതിവേഗതകളില്‍നിന്നും ശബ്ദഘോഷങ്ങളില്‍ നിന്നുമുള്ള ഒരു വിടുതിയും വിമോചനവും കൂടിയാണത്.”
കാസര്‍ക്കോടന്‍ ഗ്രാമങ്ങളുടെ സ്വാഭാവിക മന്ദതാളവും വേഗവും തന്നെയാണ് സിനിമയുടെ വേഗം. കേരളത്തിന്റെ വടക്കന്‍ ഗ്രാമങ്ങളെ അടുത്തറിയുന്നവര്‍ക്കല്ലാതെ ആ ധൃതിയില്ലാത്ത ജീവിത വേഗം പെട്ടെന്ന് പിടികിട്ടുക അസാധ്യമാണ്. വടക്കിന്റെ കുടുംബഘടന, കൃഷി, ആരാധന, അനുഷ്ഠാനം, പിതൃപുത്ര ബന്ധം, ഭൂപ്രകൃതി, രാഷ്ട്രീയം- എല്ലാം മികച്ച അളവില്‍ ചേര്‍ന്നു കിടക്കുന്ന ഒരു അസ്സല്‍ കാസര്‍ക്കോടന്‍ ചിത്രമാണ് വിനു കോളിച്ചാലിന്റെ ബിലാത്തിക്കുഴല്‍. സമീപ കാലത്ത് കാസര്‍ക്കോട് ചില ‘നടപ്പ് ന്യൂജന്‍’ സിനിമാക്കാരുടെ ഒരു പ്രധാന ലൊക്കേഷനായിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ലൊക്കേഷന്റെ ജീവിതത്തോട് നീതി പുലര്‍ത്തുന്ന സിനിമ എന്നതാകും ബിലാത്തിക്കുഴലിനെ ഇവിടെ വേര്‍തിരിച്ച് നിര്‍ത്തുന്ന മഹിമ.
ഒരു തോക്ക് സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ഒരാള്‍ രണ്ടു കാലങ്ങളിലായി നടത്തുന്ന യാത്രയെ കുറിച്ചാണ് ‘ബിലാത്തിക്കുഴല്‍’ സംസാരിക്കുന്നത്. ബാല്യത്തിലും വാര്‍ദ്ധക്യത്തിലും തോക്ക് ഒരു സാന്നിധ്യമായും അസാന്നിധ്യമായും അയാളുടെ ജീവിതഗതിയിലുണ്ടാക്കിയ മാറ്റങ്ങളാണ് സിനിമ സൂഷ്മതയോടെ രേഖപ്പെടുത്തുന്നത്. ഒരു മനുഷ്യന് തന്റെ ശരീരത്തിന്റെ ഒരു ഭാഗമോ ശ്വാസമോ ആയ വസ്തു പില്‍ക്കാലത്ത് മറ്റുള്ളവര്‍ക്ക് അനാവശ്യവും ഉപയോഗശൂന്യവുമായി മാറുകയും അവരുടെ അധികാരബലത്താല്‍ സംഭവിക്കുന്ന നിസ്സഹായതയുമാണ് സിനിമ പകരുന്നത്. അധികാരചിഹ്നത്തിന് മേല്‍ത്തന്നെ സംഭവിക്കുന്ന അധികാരപ്രയോഗം.
വൃദ്ധനായ കുഞ്ഞമ്പുവേട്ടന്‍ തന്നെ ഇക്കാലത്തിന് ആവശ്യമില്ലെന്നിരിക്കെ അയാളുടെ ഓര്‍മ്മകളും തോക്കുമെല്ലാം ആര്‍ക്കുവേണം എന്നാണ് സിനിമയിലെ ആധിപത്യമുള്ള കാലം ചോദിക്കുന്നത്. അങ്ങനെ രണ്ട് കാലങ്ങളുടെയും രണ്ട് തലമുറകളുടെയും നടുവില്‍ ഒഴുകിപ്പോയ ജീവിതങ്ങളുടെ മൂല്യവത്തായ പ്രവാഹങ്ങളെക്കുറിച്ചാണ് സിനിമ ആഴത്തില്‍ ചിന്തിക്കുന്നത്.
കാസര്‍ക്കോട്ടെ കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ സ്ഥലങ്ങളുടെ ഗ്രാമാന്തരീക്ഷമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തെയ്യവും തെയ്യത്തിന്റെ ഭാഗമായി നായാട്ട് പോലുള്ള അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന നാടാണിത്. തോക്ക് ഇവിടങ്ങളില്‍ പഴയ ഗ്രാമജീവിതത്തിന്റെ തുടര്‍ച്ചകളില്‍ സര്‍വ്വസാധാരണവുമാണ്. നായാട്ട് നിയമം മൂലം നിരോധിച്ചെങ്കിലും അനുഷ്ഠങ്ങളില്‍ വേരാണ്ടുപോയ മനുഷ്യര്‍ അനുഭവിക്കുന്ന നിരവധിയായ വൈകാരികപ്രതിസന്ധികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളാണിത്. ആ ചരിത്രത്തില്‍ നിന്ന് നായാട്ടിന്റെ നിഷ്‌കളങ്കതയും നൃശംസതയും ശൂന്യതയും പറയുന്ന കാച്ചിക്കുറുക്കിയ ചില കഥകള്‍ അംബികാസുതന്‍ മാങ്ങാടിനെ പോലുള്ള കഥാകൃത്തുക്കള്‍ എഴുതിയിട്ടുണ്ട്. അംബികാസുതന്‍ മാങ്ങാടിന്റെ ചിണ്ടനമ്പാടി എന്ന കഥാപാത്രം പെട്ടെന്ന് ഓര്‍മ്മയിലേക്ക് വരുന്നു, സിനിമയിലെ നായാട്ടുകാരനെ കാണുമ്പോള്‍.
എന്നാല്‍ വിനു കോളിച്ചാലിന്റെ സിനിമയിലെ മുഖ്യകഥാപാത്രമയ വൃദ്ധന്‍ നായാട്ട് കാരനാണെങ്കിലും അയാള്‍ വിശേഷണത്തില്‍ മാത്രമാണ് ഒരു നായാട്ടുകാരനാകുന്നത്. ജീവിതാവസ്ഥ നായാട്ടിരയുടേതിന് തുല്ല്യമാണെന്നാണ് സിനിമ കാണിക്കുന്നത്. അവിടെ ഇര വീഴുന്നതിന്റെ വലിയ രോദനങ്ങളില്ലെന്ന് മാത്രം. അതൊരു ജനതയുടെ തന്നെ വിലാപമായി കഥകളും ഓര്‍മ്മകളും പോലെ സ്വാഭാവികമായി മണ്ണടിയുന്ന ചില കാര്യങ്ങളിലൊന്ന് മാത്രമായാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. പഴയ മൂല്യങ്ങളുടെ മേല്‍ പുതുമയുടെ കൈയ്യേറ്റമാണ് ആ മാറ്റം. അതിന്റെ സര്‍വ്വസ്വീകാര്യമായ ജനാധിപത്യവിരുദ്ധതയാണ് സിനിമയില്‍ ഉള്ളടങ്ങിയ രാഷ്ട്രീയവായനയില്‍ തെളിയുന്നതും.
ക്ഷേത്രത്തില്‍ അന്തിയുറങ്ങുന്ന, മകന്റെ കടയില്‍ അന്യനായിരിക്കുന്ന കുഞ്ഞമ്പുവിന്റെ കൂട്ടുകാരനായ വൃദ്ധനും ഏതാണ്ട് സമജീവിതാവസ്ഥക്കാരാണ്. കുഞ്ഞമ്പു ഉള്ളവനും കൂട്ടുകാരന്‍ ഇല്ലായ്മക്കാരനുമാണെങ്കിലും രണ്ടും തമ്മില്‍ വാര്‍ദ്ധക്യം എന്ന ജീവിതാവസ്ഥയില്‍, കാലത്തിന്റെ വേറൊരു അതിജീവനയോട്ടത്തില്‍ നഷ്ടക്കാര്‍ മാത്രമാണ്. നഷ്ടങ്ങളുടെ അനവധിയായ വേറെയും അടരുകള്‍ കൊണ്ട് സമൃദ്ധമാണ് സിനിമ.
കേരളത്തിന്റെ തെക്കുള്ളവരോട് ഈ സിനിമ വടക്കുള്ളവരെപ്പോലെ സംവദിക്കാനിടയില്ല. ഒരു പാന്‍ കേരളക്കാഴ്ച്ചയ്ക്കുള്ള കൃത്രിമത്തങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ. അത്രയേറെ സൂക്ഷ്മത്തില്‍ പ്രാദേശികമാണ് സിനിമ. അതുകൊണ്ട് തന്നെ, ഏറെ പ്രാദേശികതയിലും കീഴ്ത്തട്ടിലും പ്രവര്‍ത്തിക്കുന്ന കാഴ്ച്ചകളെ തിരിച്ചറിയുന്ന സാര്‍വ്വദേശികമായ വേറൊരു മാനത്തിലാണ് സിനിമയുടെ സ്ഥാനം എന്ന് പറയേണ്ടതുണ്ട്.
ചിത്രത്തിലെ പ്രധാന വേഷങ്ങളെല്ലാം കൈകാര്യം ചെയ്തതത് അഭിനയാനുഭവങ്ങളൊന്നുമില്ലാത്ത പച്ച മനുഷ്യരാണെന്നത് പ്രധാനമാണ്. അതിന്റേതായ ശുദ്ധിയും പുതുമയും പ്രസരിപ്പും ഈ സിനിമയ്ക്കുണ്ടെന്ന് എടുത്ത് പറയണം. കാസര്‍ക്കോടന്‍ ഗ്രാമീണന്‍ തന്നെയായ 75 വയസ്സുകാരനായ ബാലേട്ടനാണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്തത്. അസാമാന്യമായ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട് അദ്ദേഹം. ഒപ്പം തന്നെ സഞ്ജയ് എന്ന കുട്ടിയും. ഇരുവരും പുതിയ മലയാള സിനിമയിലേക്കുള്ള രണ്ട് വാഗ്ദാനങ്ങളാണ്.
മാറിയ മലയാള സിനിമയില്‍ ആവിഷ്‌കരണത്തിന്റെ തീര്‍ത്തും വ്യത്യസ്തമായൊരു വഴിയാണ് വിനു കോളിച്ചാലിന്റെ ബിലാത്തിക്കുഴല്‍ മുന്നില്‍ വയ്ക്കുന്നത്. വ്യത്യസ്തതയ്ക്ക് വേണ്ടി വ്യത്യസ്തതയുണ്ടാക്കാന്‍ ശ്രമിക്കുന്ന, അതിന്റെ ചില സ്ഥിരം ക്ലീഷേകളും അവതരണ രീതികളും ആഘോഷിക്കപ്പെടുന്ന കാലത്ത് ന്യൂജന്‍ സിനിമകളിലെ ന്യൂജന്‍ സിനിമയാണ് ബിലാത്തിക്കുഴല്‍. അതുകൊണ്ട് കെ ആര്‍ മോഹന്‍ അവാര്‍ഡ് ജൂറിയുടെ പരാമര്‍ശ്ശം കേവല പരാമര്‍ശം മാത്രമല്ല, നാളത്തെ മലയാള സിനിമയുടെ മുഖം മുന്‍കൂട്ടിക്കാണുന്ന പഠനരേഖ തന്നെയാകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here