കൊടും വേനലിലും വറ്റാത്ത കിണറാണ് അഗം കുവാ. ഇതിനെ ചുറ്റിപ്പറ്റിയുള്ള കുറേ കഥകളെ കുറിച്ച് അറിയാം. ബീഹാറിലെ പാട്‌നയിലെ ചരിത്രസ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതാണ് അഗം കുവാ. പാട്‌ന സന്ദര്‍ശിക്കാനായി എത്തുന്നവര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.

അളക്കാനാകാത്ത ആഴമുള്ള കിണര്‍ എന്നര്‍ഥം വരുന്ന അഗം കുവാ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഒരു വിശിഷ്ട നിര്‍മ്മിതിയാണ്. ഇതിന്റെ ചരിത്രം തിരഞ്ഞു പോയാല്‍ എത്തി നില്‍ക്കുക അശോക ചക്രവര്‍ത്തിയുടെ കാലത്താണ്.

അശോകന്റെ കാലത്താണ് ഈ ആഴകിണര്‍ നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. പാതാളവുമായി ഈ കിണറില്‍ നിന്നു ഒരു പാതയുണ്ട് എന്നാണ് പറയപ്പെടുന്നത്. മറ്റൊന്ന് ഈ കിണറിലൂടെ പോയാല്‍ ഗംഗാ നദിയ്ക്കു സമീപം എത്താന്‍ കഴിയും എന്നാണ്. അശോക ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട കഥകളിലെ പ്രധാന കഥാപാത്രമാണ് ഈ കിണറും.

മഗധ സാമ്രാജ്യം കൈയ്യടക്കുന്നതിനായി തന്റെ 99 സഹോദരന്‍മാരെയും ചക്രവര്‍ത്തി ഈ കിണറില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട കഥ. കിണറിന്റെ ആദ്യത്തെ 13 മീറ്റര്‍ അഥവാ 43 അടി ഇഷ്ടികകൊണ്ടാണ് പണിതിരിക്കുന്നത്. ബാക്കി വരുന്ന 62 അടി തടികൊണ്ടുള്ള വളയങ്ങള്‍ ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ കിണറിന് യഥാര്‍ഥത്തില്‍ എത്ര ആഴം ഉണ്ട് എന്ന് ഇതുവരെയും കണക്കാക്കാനായിട്ടില്ല.അശോക ചക്രവര്‍ത്തി ബുദ്ധമതത്തിലേക്ക് ആകൃഷ്ടനാവുന്നതിനു മുന്‍പ് കഠിന ബുദ്ധ വിരോധിയായിരുന്നു. ആ സമയത്ത് ബുദ്ധമതത്തില്‍ വിശ്വസിച്ചിരുന്നവരെ ദ്രോഹിക്കാനായിരുന്നു ഈ കിണര്‍ ഉപയോഗിച്ചിരുന്നത്. ആസമയങ്ങളിലൊക്കെയും ഭൂമിയിലെ നരകം എന്നായിരുന്നുഈ കിണര്‍ അറിയപ്പെട്ടിരുന്നത്.

എത്ര കടുത്ത വേനലിലും വറ്റാത്ത കിണര്‍ കൂടിയാണ് അഗം കുവാ.  1 1.5 അടി വെള്ളം എത്ര കടുത്ത വേനലാണെങ്കിലും ഇതിനുള്ളില്‍ കാണും. കൂടാതെ ഈ കിണറിനുള്ളലില്‍ വേറെ ഒന്‍പത് കിണറുകള്‍ ഉണ്ട് എന്നും അതിന്റെ ഏറ്റവും അടിയിലായി ഒരു ഒരു നിധി സൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് ഇവിടെയുള്ളവരുടെ വിശ്വാസം