മൈസൂരു:  ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിച്ചവരില്‍ 80 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. ഇവരില്‍ 8 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചാമരാജ നഗറിലെ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്.

ഹനൂര്‍ താലുക്കിലെ സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നിരിക്കുന്നത്. മരിച്ചവരില്‍ 15 വയസായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രാവിലെയാണ് സംഭവം നടന്നത്.

അമ്പലത്തില്‍ വിശേഷപൂജ ഉള്ള ദിവസങ്ങളില്‍ പുറത്തു നിന്നും പ്രസാദം കൊണ്ടു വരാറുണ്ടെന്നും ഇതില്‍ ആണോ വിഷം കലര്‍ന്നിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പ്രസാദം കഴിച്ചപ്പോള്‍ മണ്ണെണയുടെ മണം ഉണ്ടായിരുന്നതായി ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പറയുന്നു. പ്രസാദം കഴിച്ചപ്പോള്‍ ഛര്‍ദിയും വയറുവേദനയും ഉണ്ടായതിനാലാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.