റാഫേല്‍ ഇടപാട്:സുപ്രീം കോടതി ഉത്തരവിൽ ഗുരുതര പിശകുകള്‍; കേന്ദ്രം കോടതിയെ കബളിപ്പിച്ചെന്ന് പ്രതിപക്ഷം

ദില്ലി: റാഫേല്‍ അഴിമതിയെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷവും ഹര്‍ജിക്കാരും തീരുമാനിച്ചു. CAG റിപ്പോർട്ട് PAC ക്ക് മുന്നിൽ എത്തിയിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

അതിനിടെ റഫേൽ വിമാന ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ സുപ്രീംകോടതി ഉത്തരവിൽ ഗുരുതര പിശകുകളുണ്ടെന്ന് കണ്ടെത്തല്‍. ഇടപാടിന്റെ വിലവിവരം കേന്ദ്ര സർക്കാർ സിഎജിയുമായി പങ്കുവച്ചിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട‌് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട‌്സ‌് കമ്മിറ്റി പരിശോധിച്ചതാണെന്നും വിധിന്യായത്തിന്റെ 25–-ാം ഖണ്ഡികയിൽ കോടതി പറയുന്നു.

റിപ്പോർട്ടിന്റെ സംക്ഷിപ‌്ത രൂപം പാർലമെന്റിന‌ുമുമ്പാകെ വച്ചിട്ടുണ്ടെന്നും അതൊരു പരസ്യരേഖയാണെന്നും കോടതി തുടരുന്നു. എന്നാല്‍, റഫേൽ ഇടപാടുമായി ബന്ധപ്പെട്ട‌് സിഎജിയുടേതായി ഒരു റിപ്പോർട്ടും ഇതുവരെ പാർലമെന്റ‌ുമുമ്പാകെ വച്ചിട്ടില്ല. പാർലമെന്റിൽ അവതരിപ്പിച്ചശേഷമാണ‌് സിഎജി റിപ്പോർട്ട‌് വിശദപരിശോധനയ‌്ക്കായി പബ്ലിക് അക്കൗണ്ട‌്സ‌് കമ്മിറ്റിമുമ്പാകെ എത്തുക. വസ‌്തുത ഇതായിരിക്കെ ചീഫ‌് ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌ുടെ വിധിന്യായത്തിലേത് ​ഗുരതരപിശക്.

അനിൽ അംബാനിയുടെ റിലയൻസിനെയും മുകേഷ‌് അംബാനിയുടെ റിലയൻസിനെയും ഒരേ കമ്പനിയായും വിധിന്യായത്തിൽ ചിത്രീ‌കരിച്ചിട്ടുണ്ട‌്. 32–-ാം ഖണ്ഡികയിലാണ‌് ഗുരുതരമായ ഈ പിശക‌്. 2015 ഏപ്രിലിൽ റഫേലുമായി മോഡി കരാർ ഒപ്പിട്ടതിന‌ു പിന്നാലെയാണ‌് റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ എന്ന കമ്പനി അനിൽ അംബാനി തട്ടിക്കൂട്ടിയത‌്. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട പുനർനിക്ഷേപ കരാർ പൂർണമായും ഈ കമ്പനിക്ക‌് ലഭിച്ചു. വിമാന നിർമാണരംഗത്ത‌് മുൻപരിചയുമില്ലാത്ത കമ്പനിക്ക‌് പുനർനിക്ഷേപക കരാർ ലഭിച്ചതോടെയാണ‌് റഫേൽ ഇടപാടിൽ അഴിമതിയുണ്ടെന്ന വാദം ശക്തിപ്പെട്ടത‌്.

എന്നാൽ, അനിൽ അംബാനിയുടെ കമ്പനിക്ക‌് കരാർ നൽകിയതിൽ അസ്വാഭാവികതയില്ലെന്ന നിരീക്ഷണമാണ‌് ചീഫ‌് ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് നടത്തിയത‌്. അനിൽ അംബാനിയുടെ കടന്നുവരവിനെ ന്യായീകരിക്കാനുള്ള ശ്രമത്തിനിടെയാണ‌് ഈ പിഴവ‌് സംഭവിച്ചത‌്.

റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ എന്ന കമ്പനി പെട്ടെന്ന‌് രൂപീകരിക്കപ്പെട്ടതാണെങ്കിലും മാതൃകമ്പനിയായ റിലയൻസുമായി 2012 മുതൽ റഫേൽ വിമാന നിർമാതാക്കളായ ദസോൾട്ട‌് ചർച്ചകളിൽ ഏർപ്പെട്ടുവരുന്നതായി പത്രക്കുറിപ്പിൽനിന്ന‌് ബോധ്യപ്പെടുന്നുണ്ടെന്നാണ‌് വിധിന്യായത്തിലെ പരാമർശം.

2012ൽ ദസോൾട്ട‌് ചർച്ചകൾ നടത്തിയത‌് മുകേഷ‌് അംബാനിയുടെ റിലയൻസ‌് ഇൻഡ‌്സ‌്ട്രീസുമായിട്ടാണ‌് (ആർഐഎൽ). ആർഐഎല്ലിനെ അനിലിന്റെ റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചറിന്റെ മാതൃസ്ഥാപനമായി ചിത്രീകരിക്കുകയാണ‌് ചീഫ‌് ജസ്റ്റിസ‌്. എന്തായാലും ഇത‌് രണ്ട‌് കോർപറേറ്റ‌് സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടാണെന്നും കോടതിക്ക‌് അതിൽ കാര്യമില്ലെന്നും പരാമർശിച്ചുകൊണ്ട‌് അനിൽ അംബാനിയുടെ വരവിനെ വിധിന്യായത്തിൽ ചീഫ‌് ജസ്റ്റിസ‌് ലളിതവൽക്കരിക്കുകയും ചെയ്യുന്നു.

കോടതിയിൽ നേരിട്ട‌് ഹാജരായി വ്യോമസേനാ ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങളും വിധിന്യായത്തിൽ തെറ്റായാണ‌് വിവരിക്കുന്നത‌്. കോടതി ആവശ്യപ്പെട്ടതുപ്രകാരമാണ‌് വ്യോമസേനാ ഉദ്യോഗസ്ഥർ കോടതിയിലെത്തിയത‌്. ഇവരോട‌് ഏറ്റെടുക്കൽ പ്രക്രിയയെക്കുറിച്ചും വിലനിർണയ പ്രക്രിയയെ കുറിച്ചും ചോദിച്ച‌് തൃപ‌്തിപ്പെട്ടെന്നാണ‌് വിധിന്യായത്തിലുള്ളത‌്. എന്നാൽ, സേന നിലവിൽ ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. വിലനിർണയത്തെക്കുറിച്ച‌് ഒരു ചോദ്യവുമുണ്ടായില്ല.

ഗുരുതരമായ പിഴവുകളോടെയുള്ള കോടതി ഉത്തരവ‌് ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന‌് ഹർജിക്കാരായ പ്രശാന്ത‌് ഭൂഷണും യശ്വന്ത‌് സിൻഹയും അരുൺ ഷൂരിയും പ്രസ‌്താവനയിൽ പറഞ്ഞു. മുദ്രവച്ച കവറിൽ സർക്കാർ കോടതിക്ക‌് കൈമാറിയ രേഖയെ അവലംബിച്ചതുകൊണ്ടാകാം പിശക‌് സംഭവിച്ചത‌്.

രഹസ്യരേഖകളെമാത്രം ആധാരമാക്കി വിധിതീർപ്പിലെത്തുന്നത‌് എത്രമാത്രം അപകടകരമാണെന്നതിന‌് ഉദാഹരണമാണിത‌്. വിലവിവരങ്ങൾ വെളിപ്പെടുത്തുന്നതിലുള്ള വൈമുഖ്യം വ്യോമസേനാ തലവൻ അറിയിച്ചതായും വിധിയിലുണ്ട‌്. എന്നാൽ, ഇത്തരത്തിലുള്ള ആശയവിനിമയം കോടതി നടപടികളുടെ ഭാഗമായി ഉണ്ടായിട്ടില്ല. കോടതിക്ക‌് ഈ വിവരം എവിടെനിന്ന‌് ലഭിച്ചെന്ന‌് ബോധ്യപ്പെടുന്നില്ല–- ഭൂഷണും ഷൂരിയും സിൻഹയും പറഞ്ഞു.

റഫേൽ ഇടപാടിന‌ു പിന്നിൽ അഴിമതിയുണ്ടെന്നും അത‌് തെളിയിക്കുമെന്നും കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News