ദൈവ ലഹരിയുടെ ഇരകളായി കുഞ്ഞുങ്ങള്‍; ഭക്തിയുടെ പേരില്‍ പീഡനം; കേസെടുക്കണമെന്ന് സി രവിചന്ദ്രന്‍

കുഞ്ഞുങ്ങള്‍ക്കെതിരായ കൊടിയ പീഡനമായി കേസെടുക്കാവുന്ന പല കുറ്റങ്ങളും മതത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നതിനെതിരെ പ്രമുഖ യുക്തിതിവാദ ചിന്തകന്‍ സി രവിചന്ദ്രന്‍ നടത്തിയ നിരീക്ഷണം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.
സമാനതകളില്ലാത്ത ഈ ക്രൂരതയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

പത്തുമാസം പ്രായമായ പിഞ്ചു കുഞ്ഞുമായി ഒരാള്‍ ശബരിമല ദര്‍ശനത്തിനെത്തിയ ഫോട്ടോയും കാസര്‍ക്കോട് നിന്ന് 400 കിലോമീറ്റര്‍ രണ്ട് കുഞ്ഞുങ്ങളുമായി നടന്നു വരുന്ന മറ്റൊരു വിശ്വാസിയുടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോയും ചൂണ്ടിക്കാട്ടിയാണ് രവി ചന്ദ്രന്‍ മതത്തിന്റെ പേരില്‍ നടക്കുന്ന പീഡനം ചൂണ്ടിക്കാട്ടുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രവിചന്ദ്രന്റെ പോസ്റ്റ് ചുവടെ വായിക്കാം.

‘സമാനതകളില്ലാത്ത ക്രൂരത
(Ravichandran C)

(1) ഒരു ക്രൈം അവഗണിക്കുന്നതുപോലും കുറ്റകരമാണ്. കഴിവതും അത് നിയമപാലകരുടെ ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ് പൗരധര്‍മ്മം. ക്രൂരമായ ശിശുപീഡനവും മനുഷ്യാവകാശ ലംഘനവും നടക്കുമ്പോള്‍ അതിനെ വിശുദ്ധവല്‍ക്കരിക്കാനും അതിന്റെ പടമെടുത്ത് ആഘോഷിക്കാനും സാധിക്കുന്നവര്‍ അസാമാന്യ മനുഷ്യരാണ്. ഭക്തിമൂര്‍ദ്ധന്യത്തെ പ്രകീര്‍ത്തിക്കാനും മതത്തെ താലോലിക്കാനുമാണ് മാധ്യമപ്രവര്‍ത്തകര്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിലക്ഷണമായ ദൃശ്യങ്ങള്‍ ആഘോഷപൂര്‍വം പ്രദര്‍ശിപ്പിക്കുന്നത്. എന്താണ് ക്രൈം എന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യ പരിശീലനം നല്‍കേണ്ടതുണ്ട്.

(2) ഒന്നര വര്‍ഷത്തിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ചെന്നപ്പോള്‍ അവിടെ നവജാതശിശുക്കളെ കിടക്കയുടെ മധ്യത്തില്‍ കിടത്തി ഉറങ്ങാന്‍ ദമ്പതികളെ അനുവദിക്കില്ലെന്ന് കേട്ടപ്പോള്‍ ആദ്യം ആശ്ചര്യമാണ് തോന്നിയത്. ശിശുവിനായി പ്രത്യേകം കിടക്കയും തൊട്ടിലും വേണം. ദമ്പതികളുടെ കയ്യോ കാലോ അറിയാതെയെങ്ങാനും കുഞ്ഞിന്റെ ദേഹത്ത് വീണ് അതിന് പരിക്കുപറ്റാതിരിക്കാനാണ് ഈ മുന്‍കരുതല്‍. ഇതുറപ്പിക്കാന്‍ അധികാരികള്‍ നവജാതശിശുക്കളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. കുഞ്ഞുങ്ങളെ മധ്യത്തില്‍ കിടത്തി ഉറക്കിയതുമൂലം ഉണ്ടായ നിരവധി അനിഷ്ടസംഭവങ്ങളുടെ ഡേറ്റ ശേഖരിച്ച് നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ പുരോഗമന സമൂഹങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. മുതിര്‍ന്ന ഒരാളുടെ നഗ്‌നചിത്രം കുറ്റകരമായി കാണാത്ത അത്തരം സമൂഹങ്ങള്‍ കുഞ്ഞുങ്ങളുടെ നഗ്‌നചിത്രം പ്രദര്‍ശിപ്പിക്കുന്നവരെ ശിക്ഷിക്കും. അത്തരമൊരു ചിത്രം പരസ്യപ്പെടുത്തുന്നത് കുഞ്ഞിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നതുതന്നെയാണ് പ്രധാന കാരണം.

(3) മതാധിഷ്ഠിത സമൂഹങ്ങിളില്‍ കുട്ടികളുടെ മനുഷ്യാവകാശം വെള്ളത്തില്‍ വരച്ച വരയാണ്. ലിംഗാഗ്രഛേദനം ഭയന്ന് ഇറങ്ങിയോടി കാലൊടിഞ്ഞ കുട്ടിയെ കാല് നേരെയാകുമ്പോള്‍ നേരേ വീണ്ടും കൊണ്ടുചെല്ലുന്നത് അതേ കത്തിക്ക് മുന്നിലേക്ക് തന്നെയായിരിക്കും. അവന്റെ നിലവിളി ആരും ചെവിക്കൊള്ളില്ല, സ്വന്തം മാതാവ് പോലും. കാരണം അതൊരു മതകര്‍മ്മമാണ്‍ കഥപ്രകാരം സ്വന്തം മകനെ കൊല്ലാന്‍ തയ്യാറായ പിതാവിന്റെ പ്രവര്‍ത്തിയെ മഹാസംഭവവും പെരുനാളുമായി ആഘോഷിക്കുന്ന സമൂഹങ്ങള്‍ എങ്ങനെയാണ് ഇത്തരം പരപീഢനങ്ങളിലെ മനുഷ്യാവകാശലംഘനവും നീതിരാഹിത്യവും മനസ്സിലാക്കുക?!

(4) ആദ്യത്തെ ചിത്രം നോക്കുക, പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ തുണിസഞ്ചിയില്‍ തൂക്കിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ഒരു ഭക്തന്റെ (ഭൗതികാസക്തി മൂലം സമനില നഷ്ടപെട്ടവന്‍) ചിത്രം ‘ദൈവികലഹരി’യുടെ സാക്ഷ്യപത്രമായി ആദരപൂര്‍വം പ്രദര്‍ശിപ്പിക്കുന്നു. ഒരു വാക്ക് എതിരെ എഴുതില്ല,പറയില്ല. ഇതാണ് നമ്മുടെ മാധ്യമധാര്‍മ്മികതയുടെ പൊതുനിലവാരം! ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോഴും കുളിപ്പിക്കുമ്പോഴുമൊക്കെ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കാര്യവിവരമുള്ള മനുഷ്യര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. അത്ര ലോലമാണ് അവരുടെ ശരീരഘടനയും അസ്ഥിവിന്യാസവുമൊക്കെ. ഈ പ്രായത്തില്‍ പ്രതിരോധശേഷിയും താരതമ്യേന കുറവായിരിക്കും.

(5) രണ്ടാമത്തെ ചിത്രത്തില്‍ രണ്ട് പിഞ്ചുകുട്ടികളെ 400 കിലോമീറ്റര്‍ നടത്തിക്കാനാണ് മറ്റൊരു കൊടിയ ഭക്തന്‍ തുനിയുന്നത്. ഇത്രയും ദൂരം ചവിട്ടിതേക്കുമ്പോള്‍ എന്തോ ആനമുട്ട കിട്ടുമെന്ന് മോഹിച്ചാണ് യാതൊരു തെറ്റുംചെയ്യാത്ത ഈ കുട്ടികളെ സ്വന്തം മാനസികവിഭ്രാന്തിയുടെ പേരില്‍ ഇയാള്‍ ശിക്ഷിക്കുന്നത്. ഇത് കണ്ടിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ല. മതത്തിന്റെ പേരിലല്ല ഇത് ചെയ്തതെങ്കില്‍ ആരെങ്കിലും ഇതനുവദിക്കുമോ? ആ കുട്ടികളുടെ മാതാവിന് താങ്ങാനാവുമോ? എന്തിനേറേ, ഇപ്പോള്‍ കുട്ടികളെ പീഢിപ്പിക്കുന്ന ആ പിതാവ് അതിന് തയ്യാറാകുമോ?

(6) മതവിശ്വാസത്തിന്റെ പേരില്‍ എല്ലാത്തരം മനുഷ്യാവകാശലംഘനങ്ങളും നിസ്സാരവല്‍ക്കരിക്കപ്പെടുന്നുവെന്ന് മാത്രമല്ല എന്തോ മഹദ്കൃത്യങ്ങളായി ആഘോഷിക്കപ്പെടുകയാണ്. ഭക്തിമൂര്‍ച്ഛയില്‍ നടത്തുന്ന വിചിത്രമായ ചില ‘നേര്‍ച്ച’കളാണ് മിക്കപ്പോഴും കുട്ടികള്‍ക്ക് ഇത്തരം യാതനകള്‍ സമ്മാനിക്കുന്നത്. മാധ്യമശ്രദ്ധ കിട്ടുന്ന കാര്യങ്ങളില്‍ അങ്ങോട്ടു ചെന്ന് കേസെടുക്കുന്ന മനുഷ്യാവകാശ കമ്മീഷനും ശിശുക്ഷേമ സമിതികളും ഒക്കെ ഇത്തരം മതഭ്രാന്തുകള്‍ക്ക് മുന്നില്‍ വിനീതവിധേയരായി നമ്രശിരസ്‌കരായി നിലകൊള്ളും. ഇരകള്‍ക്ക് സ്വന്തംനിലയില്‍ പരാതിപ്പെടാനുമാവില്ല. പത്രത്തില്‍ പടംവന്ന സന്തോഷത്തിലായിരിക്കും അവര്‍! സ്വന്തം ഭക്തിപോരാഞ്ഞിട്ട് മക്കളെയും ബന്ധുക്കളെയുമൊക്കെ അതിലേക്ക് വലിച്ചിട്ട് പീഢിപ്പിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

(7) തിരക്കു സമയതത് 1016 മണിക്കൂറാണ് പലപ്പോഴും ശബരിമലയില്‍ കുട്ടികള്‍ക്ക് നില്‍ക്കേണ്ടിവരുന്നത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാദിച്ച് മനുഷ്യജീവിതം ദുരിതമയമാക്കുന്ന മതജീവികള്‍ തിരിച്ചൊന്നും പറയാന്‍ ശേഷിയില്ലാത്ത കുട്ടികളെ ഭക്തിയുടെപേരില്‍ ഇങ്ങനെ പീഢിപ്പിക്കുന്നതിനെതിരെ സംസാരിക്കാത്തതില്‍ യാതൊരു അത്ഭുതവുമില്ല. മതം അടിസ്ഥാനപരമായി ഒരു ചൂഷണസംവിധാനമാണ്, അത് കുട്ടികളോട് മാത്രമായി നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. പക്ഷെ ഒരു ലിബറല്‍ ജനാധിപത്യസമൂഹം ഇത്തരം കാര്യങ്ങളില്‍ പാലിക്കുന്ന മൗനവും നിസംഗതയും മറ്റൊരു കുറ്റമാണ്. ഇത്തരം അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് തടയണം.ഒരു നാഗരിക സമൂഹത്തിന്റെ ബാധ്യതയാണത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here