
ഇന്ത്യന്‍ രാഷ്ട്രീയ ഗതിമാറ്റ സൂചന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കഴിയുമെന്ന നല്ല പ്രതീക്ഷയ്ക്ക് ഇത് ഇടംനല്‍കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയായി കണക്കാക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും തെക്കേ ഇന്ത്യയിലെ തെലങ്കാനയിലും ബിജെപിക്ക് വന്‍ തകര്‍ച്ചയുണ്ടായി. മിസോറമില്‍ പ്രാദേശികകക്ഷിക്കാണ് ഭരണം ലഭിച്ചത്. ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെ ഇന്ത്യയൊട്ടാകെ വീശിയടിക്കുന്ന ജനവികാരത്തിന്റെ കാറ്റാണ് ഇവിടങ്ങളില്‍ വീശിയത്.
നാലര വര്‍ഷംമുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെപ്പോലും കടത്തിവെട്ടി ബിജെപി പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം നേടി. അതോടെ മോഡി അമിത് ഷാ കൂട്ടുകെട്ടിന്റെ മാജിക്കിനെപ്പറ്റിയും ആര്‍എസ്എസിന്റെ അധീശത്തെപ്പറ്റിയും നിഗമനങ്ങളിലെത്താനുള്ള മാധ്യമ മത്സരമുണ്ടായി. എന്നാല്‍, മോഡി അമിത് ഷാ മാജിക് കാലഹരണപ്പെട്ടെന്നാണ് ഇപ്പോഴത്തെ ജനവിധി വിളംബരം ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനല്ല, തോല്‍ക്കാനാണ് ‘മോഡി പ്രഭാവം’ ഉപകരിക്കുകയെന്ന് വ്യക്തമാകുന്നു. 15 വര്‍ഷമായി കാവിഭരണം തുടരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരം നിലനിര്‍ത്തുമെന്നും രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നുമുള്ള അവകാശവാദമാണ് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഉയര്‍ത്തിയത്. എന്നാല്‍, വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും താമരയുടെ തണ്ടൊടിഞ്ഞു.
രാഷ്ട്രീയ ഗതിമാറ്റം
മധ്യപ്രദേശിലെ തോല്‍വിയുടെ ആഘാതം ചെറുതല്ല. സംഘപരിവാറിന് രാജ്യത്തെ ഏറ്റവും ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണത്. ആര്‍എസ്എസിന്റെ ഘടകങ്ങളും വളന്റിയര്‍മാരും ഗ്രാമനഗര വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നയിടമാണ്. ജനസ്വാധീനമുള്ള മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍ എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ ഇന്‍ഡോറിലും ഉജ്ജയിനിയിലും ഭോപാലിലുമെല്ലാം ബിജെപിക്ക് കാലിടറി. മധ്യപ്രദേശില്‍ ബിജെപി തോറ്റ് തൊപ്പിയിടുക എന്നതിനര്‍ഥം, ഇന്ത്യയില്‍ മറ്റേതൊരു പ്രദേശത്തും മണ്ണ് കപ്പുമെന്നാണ്.
സംസ്ഥാന ഭരണത്തിനൊപ്പം, ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ ജനരോഷം കേന്ദ്രഭരണത്തോട് ജനങ്ങള്‍ക്കുണ്ടായി. അതുകൊണ്ടാണ് മോഡിയുടെ കോടികള്‍ ചെലവഴിച്ചുള്ള പ്രചാരണ പരിപാടികള്‍ തിരിച്ചടിയായത്. കേന്ദ്രസംസ്ഥാന ഭരണങ്ങളോടുള്ള ജനങ്ങളുടെ രോഷമാണ് ജനവിധിയില്‍ തെളിഞ്ഞത്. മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ശതകോടികള്‍ ചെലവിട്ട് പ്രചാരണം നടത്തിയിട്ടും അഞ്ചില്‍ ഒരിടത്തുപോലും കാവിക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ലെന്നത് രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ദിശാസൂചികയാണ്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപിയുടെ ജനദ്രോഹനയങ്ങള്‍ക്കുമാത്രമല്ല, വര്‍ഗീയവിധ്വംസക ഭരണനയങ്ങള്‍ക്കുമെതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധനം, ഇന്ധന വിലവര്‍ധന, ജിഎസ്ടി, കാര്‍ഷിക വിലത്തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങി റഫേല്‍ അഴിമതിവരെ ജനമനസ്സുകളെ മാറ്റിയിരിക്കുന്നു. ഉദാരവല്‍ക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കിയതും, വര്‍ഗീയ വിദ്വേഷ ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേല്‍പ്പിച്ചതും മോഡി ഭരണത്തെ ജനങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു.
ജനവികാരത്തിന് സംഘടിതരൂപം നല്‍കുന്നതിന് ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ കര്‍ഷകരും തൊഴിലാളികളും ബഹുജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രക്ഷോഭ സമരങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകസമര മുന്നേറ്റങ്ങള്‍ മുഖാന്തരം, ബിജെപിയുടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികനയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് കര്‍ഷകരിലും ബഹുജനങ്ങളിലും രൂപപ്പെടുത്തി. ഇപ്രകാരം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ബഹുജന സമരങ്ങളുടെ ഫലമായിട്ടുകൂടിയാണ് ബിജെപി തോറ്റമ്പിയത്.
ബിജെപിക്ക് ബദലായി കോണ്‍ഗ്രസിതര കക്ഷികളുള്ള സംസ്ഥാനങ്ങളില്‍ ആ കക്ഷികളെ ജനങ്ങള്‍ സ്വീകരിച്ചു. അതാണ് തെലങ്കാനയിലും മിസോറമിലും കണ്ടത്. രാജസ്ഥാനിലെ ശ്രീദുഗാര്‍ഗഢിലും ഭാന്ദ്രയിലും സിപിഐ എമ്മിന്റെ വിജയം അഭിമാനകരമാണ്. കര്‍ഷകസമരങ്ങളിലൂടെ ആര്‍ജിച്ച ജനപിന്തുണയാണ് വിജയത്തിന് അടിസ്ഥാനം. കഴിഞ്ഞതവണ ബിജെപി ജയിച്ച മണ്ഡലങ്ങളാണ് സിപിഐ എം നല്ല ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തത്.
സിപിഐ എം, സിപിഐ ഉള്‍പ്പെടെ ഏഴ് പാര്‍ടികള്‍ ചേര്‍ന്ന ‘ലോക് താന്ത്രിക് മോര്‍ച്ച’ രാജസ്ഥാനില്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനും അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനും സംസ്ഥാന ഭരണം ഏല്‍ക്കുന്ന കോണ്‍ഗ്രസ് നടപടിയെടുക്കുമോയെന്നതാണ് പ്രശ്‌നം. ഇതുവരെ തുടര്‍ന്നുവന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയവും മൃദു ഹിന്ദുത്വ നയവും ഉപേക്ഷിക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനവിധിക്കുശേഷം നടത്തിയ മാധ്യമ സമ്മേളനത്തിലും പരാമര്‍ശിച്ചിട്ടില്ല. അനുഭവത്തില്‍നിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഭരണവിരുദ്ധ വികാരം ശക്തമായിട്ടും എന്തുകൊണ്ട് ഛത്തീസ്ഗഢ് ഒഴികെ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നൂവെന്നത് ആ പാര്‍ടി പരിശോധിക്കേണ്ടതാണ്. 10 വര്‍ഷമായി ഭരണമുണ്ടായിരുന്ന മിസോറമിലാകട്ടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. നാല്‍പ്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുമാത്രം. 26 സീറ്റുമായി മിസോ ദേശീയ മുന്നണി (എംഎന്‍എഫ്) അധികാരം പിടിച്ചെടുത്തു.
ഭരണം നടത്തുന്ന കോണ്‍ഗ്രസ് ജനരോഷത്തിന് പാത്രമാകും എന്നതിന് തെളിവാണ് മിസോറം. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന് ഭരണമില്ലാത്ത അവസ്ഥയായി. സ്വന്തം പാര്‍ടിയില്‍നിന്നുപോലും എതിര്‍പ്പുകള്‍ നേരിട്ടാണ് വസുന്ധരരാജെ സിന്ധ്യ രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി ബിജെപിയെ നയിച്ചത്. കാവി സംഘത്തിലെ പടലപ്പിണക്കമുണ്ടായിട്ടും രാജസ്ഥാനില്‍ കേവലഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നത് എന്തുകൊണ്ട്?
ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍
അതുപോലെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗ് ദേശം പാര്‍ടിയെ കൂട്ടുപിടിച്ച് മഹാസഖ്യമുണ്ടാക്കി കോണ്‍ഗ്രസ് മത്സരിച്ചിട്ടും തെലങ്കാനയില്‍ ചന്ദ്രശേഖര്‍റാവു നയിച്ച തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വന്‍ ഭൂരിപക്ഷം നേടി. കാലാവധി തീരാന്‍ ഒമ്പത് മാസം ശേഷിക്കെയാണ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. ടിആര്‍എസുമായി ചങ്ങാത്തം കൂടാന്‍ ബിജെപി നടത്തിയ കളികളില്‍ ചന്ദ്രശേഖര്‍റാവു വീണതുമില്ല.
തെലങ്കാനയില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് കനത്ത ആഘാതം നേരിട്ടു. 119 സീറ്റില്‍ 88 കരസ്ഥമാക്കി അഞ്ചില്‍ നാല് ഭൂരിപക്ഷം ടിആര്‍എസ് നേടി. എന്നാല്‍, കോണ്‍ഗ്രസ്് 19 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിയ ആന്ധ്രയിലെ ഭരണകക്ഷിയായ ടിഡിപിക്ക് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസുമായി കൂട്ടുകൂടി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സമാജ് വാദി പാര്‍ടിക്ക് യുപിയില്‍ നേരിട്ട പിന്നോട്ടടി തെലങ്കാനയില്‍ ടിഡിപിക്കും അനുഭവിക്കേണ്ടി വന്നു. കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ചില സംസ്ഥാനങ്ങളില്‍ എതിര്‍ രാഷ്ട്രീയ മുന്നണിക്കോ പാര്‍ടിക്കോ ഗുണം ചെയ്യുന്നു. ഈ പ്രവണത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
കോണ്‍ഗ്രസിന് ശക്തിയുണ്ടെന്നു കരുതുന്ന സംസ്ഥാനങ്ങളില്‍പ്പോലും ബിജെപിയെ തോല്‍പ്പിക്കാന്‍ ആ പാര്‍ടിക്ക് തനിച്ചാകില്ല. അത് മനസ്സിലാക്കി വിശാലമായ നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഹിന്ദുത്വശക്തിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശ് ജനരോഷത്തില്‍ കുലുങ്ങിയിട്ടും കോണ്‍ഗ്രസിന് നല്ല വിജയം കൈവരിക്കാന്‍ കഴിയാതെ പോയത് അതുകൊണ്ടുകൂടിയാണ്.
രണ്ട് സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും ബഹുജന്‍ സമാജ്വാദി പാര്‍ടിയുമായും ഒരു സീറ്റ് നേടിയ എസ്പിയുമായും തെരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടോ, ധാരണയോ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കില്‍ ബിജെപി സീറ്റിന്റെ എണ്ണം താഴേയ്ക്ക് കൊണ്ടുവരാമായിരുന്നു.
ഭരണനേട്ടത്തിന്റെ അവകാശവാദം ജനങ്ങളില്‍ ഏശില്ലെന്ന് ബോധ്യമായ ബിജെപി ആര്‍എസ്എസ് വര്‍ഗീയ അജന്‍ഡയെ ഈ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചു. രാമക്ഷേത്ര നിര്‍മാണം, പശു സംരക്ഷണം തുടങ്ങിയവ അതിന്റെ ഭാഗമാണ്. എന്നാല്‍, ഇതിനെ തുറന്ന് എതിര്‍ക്കുന്നതിനല്ല, ഹിന്ദുത്വ അജന്‍ഡയുടെ വാലില്‍ തൂങ്ങുന്നതിനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തയ്യാറായത്.
രാഹുലിന്റെ ക്ഷേത്രദര്‍ശനങ്ങള്‍, മധ്യപ്രദേശില്‍ മാട്ടിറച്ചി നിരോധിച്ചത് സംബന്ധിച്ച ദ്വിഗ്വിജയ് സിങ്ങിന്റെ അവകാശവാദം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗോശാലകള്‍ സ്ഥാപിക്കുമെന്ന കമല്‍നാഥിന്റെ വാഗ്ദാനം തുടങ്ങിയതെല്ലാം തെളിയിച്ചത് സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയോട് അതേ ട്രാക്കില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ ഉത്സാഹമാണ്. ആര്‍എസ്എസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് അതേ നാണയത്തിന്റെ മറുവശമാകുകയാണ് കോണ്‍ഗ്രസ്. ദളിത് വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടെ വിശ്വാസത്തിലെടുത്ത് മതനിരപേക്ഷ രാഷ്ട്രീയ ബദലാവുകയാണ് വേണ്ടത്. അതിനുള്ള ആര്‍ജവം കോണ്‍ഗ്രസിനില്ലെന്ന് നാടിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തി.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന്റെ വിശാലമായ യോജിപ്പ് വേണമെന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനം ശരിവയ്ക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. ആ യോജിപ്പിന് ഏതെങ്കിലും പാര്‍ടിയുടെ തന്‍പ്രമാണിത്തം തടസ്സമാകരുത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ, ദേശീയമായി ഏകീകൃത രൂപത്തിലുള്ള മുന്നണിയോ സഖ്യമോ പ്രായോഗികമല്ല. എന്നാല്‍, ബിജെപിയെ തോല്‍പ്പിക്കുകയെന്നത് മുഖ്യ ലക്ഷ്യത്തോടെ സംസ്ഥാനങ്ങളിലുള്ള നീക്കുപോക്കും ധാരണയുമാണ് വേണ്ടത്. ബിജെപിയെ അധികാരത്തില്‍നിന്ന് നീക്കാനുള്ള ഭരണസംവിധാന നേതൃത്വം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമാകും രൂപംകൊള്ളുക. സിപിഐ എമ്മിന്റെ ഈ രാഷ്ട്രീയനയത്തിന് കരുത്ത് പകരുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here