ബ്യൂട്ടിപാർലർ ആക്രമണക്കേസിൽ ഉടമ ലീന മരിയ ഇന്ന് ഹാജരായി പൊലീസിന് മൊഴി നൽകും. രാവിലെ കൊച്ചിയിലെത്തുന്ന ലീന കമ്മീഷണർ ഓഫീസിലെത്തിയാണ് മൊഴി നൽകുന്നത്.

അതേസമയം ബ്യൂട്ടിപാർലന് നേരെ വെടിയുതിർത്ത യുവാക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് നടി ലീന മരിയ പോളിനെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ നേരെ രണ്ടംഗസംഘം വെടിയുതിർത്തത്.

ആക്രമണം നടക്കുമ്പോൾ ഉടമയായ നടി ലീനാ മരിയാ പോൾ സ്ഥലത്തില്ലായിരുന്നു. ഒരാഴ്ച മുൻപ് 25 കോടി രൂപ ആവശ്യപ്പെട്ട് അധോലോകനായകൻ രവി പൂജാരിയുടെ പേരിൽ ഫോൺകോൾ വരികയും എന്നാൽ നടി പണം നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്തിരുന്നു.

സംഭവസ്ഥലത്തു നിന്നും ലഭിച്ച രവി പൂജാരിയുടെ പേരിലുള്ള കുറിപ്പുമായി അധോലോക നായകന് ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ ശേഖരിക്കുന്നതിന് അന്വേഷണസംഘം ലീന മരിയ പോളിനോട് ഹാജരാകാൻ നിർദ്ദേശിച്ചത്.

രാവിലെ കൊച്ചിയിലെത്തുന്ന നടി കമ്മിഷണർ ഓഫീസിലെത്തി മൊ‍ഴി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.

അതേസമയം ചെന്നൈയിൽ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ കേസും നടിയുടെ പേരിലുണ്ട്. ഈ സംഭവവുമായി അക്രമത്തിന് ബന്ധമുണ്ടോയെന്നും തൃക്കാക്കര എസിപി ഷംസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്ത അക്രമികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.