സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സംരംഭകരുടെ പേറ്റന്റ് അപേക്ഷകള്‍ വേഗത്തിലാക്കാന്‍ ഡിപിപി നിര്‍ദേശം.

വാണിജ്യ വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ 2003ലെ പേറ്റന്റ്‌സ് നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള കരട് നിയമങ്ങള്‍ പ്രാബല്യത്തിലാക്കി.

ഇത് പ്രകാരം, അപേക്ഷിക്കുന്ന വ്യക്തി വനിത ആണെങ്കില്‍ അല്ലെങ്കില്‍ പേറ്റന്റ് തേടുന്ന ഗ്രൂപ്പിലെ അപേക്ഷകരില്‍ ഒരാളെങ്കിലും വനിത ആണെങ്കില്‍, അപേക്ഷ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് ത്വരിതഗതിയില്‍ പരിശോധനയ്ക്കും.

രാജ്യത്തെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഈ നീക്കം സഹായകമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു വ്യവസ്ഥ കൊണടുവരുന്നത്.

രാജ്യത്ത് നിരവധി വനിതാ സംരംഭകര്‍ ഉണ്ടെങ്കിലും ചുരുക്കം ചിലര്‍ മാത്രമാണ് പേറ്റന്റിന് അപേക്ഷിക്കാറുള്ളത്.

പേറ്റന്റ്, ട്രേഡ് മാര്‍ക്ക് എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരിശോധനയ്ക്കും പേറ്റന്റ് അനുവദിക്കുന്നതിനുമുള്ള കാലതാമസം കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായാണ് ഇത്തരമൊരു നീക്കം.

നടപടികള്‍ വേഗത്തിലാക്കാന്‍ മാനവശേഷി വര്‍ധിപ്പിക്കുക, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് വകുപ്പ് സ്വീകരിക്കുന്നത്.

2020 മാര്‍ച്ചോടെ പേറ്റന്റ് പരിശോധനയ്ക്കുമുള്ള നടപടികള്‍ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷക്കുന്നത്.

അപേക്ഷ സമര്‍പ്പിക്കുക, പേറ്റന്റ് ജേണലില്‍ പ്രസിദ്ധീകരിക്കുക, പരിശോധന നടത്തുക, തുടര്‍ന്ന് അനുവദിക്കുക എന്നിങ്ങനെയുള്ള നടപടികള്‍ക്ക് ശേഷമാണ് പേറ്റന്റ് അംഗീകരിക്കുക.

പേറ്റന്റ് അംഗീകരിക്കുന്ന പ്രക്രിയയില്‍ എതിര്‍പ്പുകള്‍ ഉയരുകയോ ഡോക്യുമെന്റേഷനില്‍ തെറ്റുകള്‍ വരികയോ ചെയ്താല്‍ നടപടികളും നീണ്ടു പോകും.

ഇന്ത്യയില്‍ 2017-18 കാലയളവില്‍ ആകെ 13,045 പേറ്റന്റുകളാണ് ലഭിച്ചത്. ഇതില്‍ 17-18 ശതമാനം മാത്രമാണ് ഇന്ത്യക്കാര്‍. വിദേശ കമ്പനികള്‍ ബാക്കിയുള്ളവ.

പുതിയ കണ്ടെത്തലുകള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യപടിയായാണ് സ്ത്രീകളുടെ അപേക്ഷകളിലുള്ള നടപടികളില്‍ വേഗത വരുത്തുന്നതെന്ന്് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ടിസി ജെയിംസ് പറഞ്ഞു.