ബംഗാളിൽ സിപിഐ എം പ്രവർത്തകനെ തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു

കൊൽക്കത്ത: ബംഗാളിൽ സിപിഐ എം പ്രവർത്തകനെ തൃണമൂലുകാർ വെടിവെച്ചു കൊന്നു. ഉത്തര ദിനാജ്പൂർ ജില്ലയിൽ ഖൊയാൽപുക്കൂർ പോലീസ് സ്റ്റേഷനതിർത്തിയിൽപ്പെട്ട ഗരുവായ് എന്ന സ്ഥലത്ത് നിത്യ ഗോപാൽ ബാലക്ക് (63) ആണ്‌ കൊല്ലപ്പെട്ടത്. ഭാര്യയും വിവാഹിതരായ മൂന്ന്‌ പെൺമക്കളുമുണ്ട്‌.

സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായ ബാലക്ക് തൃണമൂലിന്റെ അഴിമതിയ്ക്കും അക്രമത്തിനുമെതിരെ ജനങ്ങളെ സംഘടിപ്പിയ്ക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൊതുവിതരണത്തിനും അംഗൻവാടികളിലേക്കും എത്തുന്ന സാധനങ്ങൾ തൃണമൂലുകാർ അനധികൃതമായി കടത്തുന്നതിനെതിരെ ബാലക്കിന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും അത് തടയുകയും ചെയ്തു.

തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയതിൽ ക്ഷുഭിതരായ തൃണമൂലുകാരാണ് ബാലക്കിനെ വകവരുത്തിയത്. തൃഷ്ടുമണ്ഡൽ എന്ന നേതാവിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ അക്രമികളാണ് വെടിവെച്ചത്. മുമ്പും പലതവണ നിത്യ ഗോപാൽ ബാലക്കിനു നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്.

സിപിഐ എം ഉത്തര ദിനാജ്പൂർ ജില്ലാ സെക്രട്ടറി അപൂർവ പാൾ ഉൾപ്പെടെ നിരവധി നേതാക്കൾ സംഭവ സ്ഥലത്തെത്തി പ്രതിഷേധം സംഘടിപ്പിച്ചു. അക്രമത്തിനും അഴിമതിക്കുമെതിരെ സിപിഐ എം നടത്തുന്ന പേരാട്ടം ജനങ്ങളെ തൃണമൂലിൽ നിന്നും അകറ്റുന്നതിനാലാണ് പാർടി പ്രവർത്തകരെ വകവരുത്തുന്നതെന്ന്‌ അപൂർവ പാൾ പറഞ്ഞു. പ്രവർത്തകരെ കൊന്നതുകൊണ്ട്‌ പോരാട്ടം അവസാനിക്കില്ലെന്നും അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ മേദിനിപ്പൂർ ജില്ലയിലെ നാരയൺഗഡിൽ ബോംബുണ്ടാക്കുന്നതിനിടയിൽ അത് പൊട്ടിത്തെറിച്ച് ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ ബോംബ് നിർമാണം നടന്നിരുന്ന വീട് പൂർണമായി തകർന്നു.

സ്ഥലത്തെ പ്രമുഖ തൃണമൂൽ പ്രവർത്തകനായ ബനമാലി അദക്ക് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ മാസത്തിൽ നാരായൺഗഡിൽ തൃണമൂലിന്റെ ഓഫീസിൽ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഹൂഗ്ലി ജില്ലയിലെ അരംബാഗിൽ തൃണമൂൽ ഗ്രൂപ്പ് പോരിൽ മുക്താർ ഷേഖ് (43) എന്ന നേതാവ്‌ കൊല്ലപ്പെട്ടത്‌ ശനിയാഴ്‌ചയാണ്‌. മുക്താറെ വീട്ടിൽനിന്നും എതിർ ഗ്രൂപ്പുകാർ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന്‌ അയാളുടെ ഭാര്യ സയ്‌നാർ ബേഗം പൊലീസിനെ അറിയിച്ചു.

ഗ്രൂപ്പ് ഭീഷണിയെ തുടർന്ന് ഏതാനും നാൾ വീട് വിട്ട് കഴിഞ്ഞിരുന്ന മുക്താർ അടുത്തിടെയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തൃണമൂലിന്റെ ആറു പേരാണ് ഗ്രൂപ്പുപോരിൽ കൊല്ലപ്പെട്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News