തലവേദന ഒഴിഞ്ഞു; മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരത്തിലേറി

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശില്‍ കമല്‍നാഥ് ഉച്ചയോടെയും ചത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ വൈകുന്നേരത്തോടെയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

സിഖ് കൂട്ടക്കൊലക്കേസില്‍ സജ്ജന്‍ കുമാറിന് ജീവപര്യന്തം വിധിച്ച ദിവസം കുറ്റാരോപിതനായ കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരുടെ വലിയ നിരയാണ് മൂന്ന് സത്യപ്രതിജ്ഞാ ചടങ്ങിലുമുണ്ടായത്. നേതാക്കള്‍ തമ്മിലുള്ള തമ്മിലടി മൂലം മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് വിയര്‍ത്തിരുന്നു. 3 സംസ്ഥാനങ്ങളിലെ മന്ത്രിസഭാ രൂപീകരണം കോണ്‍ഗ്രസിന് അതിലേറെ വെല്ലുവിളി നിറഞ്ഞതായിരിക്കും.

മുഖ്യമന്ത്രിമാരെ തീരുമാനിച്ചത് വെവ്വേറെ ദിവസങ്ങളിലാണെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോണ്‍ഗ്രസ് ഒരു ദിവസമാക്കുകയായിരുന്നു.

ജയ്പൂരിലെ ആല്‍ബര്‍ട്ട്‌സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദൈവനാമത്തിലായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയായുള്ള അശോക് ഗെഹ്ലോട്ടിന്റെയും ഉപമുഖ്യമന്ത്രിയായുള്ള സച്ചിന്‍ പൈലറ്റിന്റെയും സത്യപ്രതിജ്ഞ.

ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായുള്ള കമല്‍നാഥിന്റെ സത്യപ്രതിജ്ഞ നടന്നത്. 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയാതാണ് കമല്‍ നാഥ് സര്‍ക്കാരിന്റെ ആദ്യ തീരുമാനം.

സിഖ് കൂട്ടക്കൊലയില്‍ സജ്ജന്‍കുമാറിനെ ജീവപര്യന്തത്തിന് വിധിച്ച ദിവസമാണ് കുറ്റാരോപിതനായ കമല്‍നാഥിന്റെ സത്യപ്രതിജ്ഞ. വിധിയുടെ പശ്ചാത്തലത്തില്‍ ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. ആം ആദ്മി പാര്‍ട്ടിയുടെ ചടങ്ങ് ബഹിഷ്‌കരണവും ബിജെപി നേതാവ് തേജീന്ദര്‍ പാലിന്റെ സമരവും അതിന്റെ സൂചനയാണ്.

ചത്തീസ്ഗഢില്‍ കനത്തമഴയെത്തുടര്‍ന്ന് സത്യപ്രതിജ്ഞാവേദി മാറ്റിയിരുന്നു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു ചത്തീസ്ഗഢ് മുഖ്യമന്ത്രിയായുള്ള ഭൂപേഷ് ബാഗേലിന്റെ സത്യപ്രതിജ്ഞ. മൂന്ന് സംസ്ഥാനങ്ങളിലെയും മുന്‍ ബിജെപി മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യം കൊണ്ടായിരുന്നു കോണ്‍ഗ്രസ് ആഘോഷമാക്കിയത്.

രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, എച്ച് ഡി ദേവഗൗഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഐക്യനിരയും ചടങ്ങുകളെ ശ്രദ്ധേയമാക്കി.

ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി, എംകെ സ്റ്റാലിന്‍, ശരത് യാദവ്, ശരത് പവാര്‍, തേജസ്വി യാദവ്, തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ആശംസകള്‍ അറിയിച്ചെങ്കിലും മമത ബാനര്‍ജി, മായാവതി,അഖിലേഷ് യാദവ്,തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായില്ല.

ഇത് പ്രതിപക്ഷ ശക്തിപ്രകടനത്തിനുള്ള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയായി കോണ്‍ഗ്രസ് കരുതുന്നു. മൂന്നിടങ്ങളിലും അധികാരത്തില്‍ എത്തിയെങ്കിലും നേതാക്കള്‍ക്കിടയിലെ തമ്മിലടി ഇപ്പോഴും അവസാനിച്ചിട്ടില്ല .നേരത്തേ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് വിയര്‍ക്കേണ്ടിവന്നിരുന്നു. അതിനാല്‍ തന്നെ മന്ത്രിസഭാ രൂപീകരണവും കോണ്‍ഗ്രസിന് കീറാമുട്ടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News