അടുത്ത വര്‍ഷത്തെ ഐ പി എല്ലിനുള്ള താരലേലം ഇന്ന് നടക്കും; ആവേശത്തോടെ ആരാധകര്‍

അടുത്ത വര്‍ഷത്തെ ഐ പി എല്ലിനുള്ള താരലേലം ഇന്ന് നടക്കും. ബെംഗളൂരുവിന് പകരം ഇത്തവണ ജയ്പൂരിലാണ് താരലേലം നടക്കുക. എട്ട് ടീമുകള്‍ക്ക് അന്‍പത് ഇന്ത്യന്‍ താരങ്ങളെയും ഇരുപത് വിദേശ താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാനാവും.

ടീമുകള്‍ക്ക് 145. 25 കോടി രൂപയാണ് ആകെ ചെലവഴിക്കാനാവുക.12 രാജ്യങ്ങളില്‍ നിന്നുള്ള താരപങ്കാളിത്തമുണ്ട് പന്ത്രണ്ടാം ലേലത്തിന്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 താരങ്ങളെത്തുന്ന ലേലത്തില്‍ ഇതാദ്യമായി യുഎസില്‍ നിന്നൊരു താരവും ഭാഗ്യം പരീക്ഷിക്കും.

ഇന്ത്യയില്‍ നിന്ന് 226 താരങ്ങള്‍ നിരക്കുന്ന ലേലത്തില്‍ കേരളത്തിന്റെ വിലാസവുമായി 9 കളിക്കാരാണുള്ളത്. 2 കോടി രൂപ അടിസ്ഥാനവിലയുള്ള 9 താരങ്ങളാണു ലേലത്തട്ടില്‍ ആദ്യമെത്തുക.

മക്കല്ലവും മലിംഗയും കറനുമെല്ലാം നിരക്കുന്ന ഈ ഗണത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പോയ വര്‍ഷം 11.5 കോടി നേടിയ ജയ്‌ദേവ് ഉനദ്കടാണ് ഉയര്‍ന്ന അടിസ്ഥാനവിലയുള്ള ഇന്ത്യന്‍ താരം – 1.5 കോടി രൂപ.

ഡെയ്ല്‍ സ്റ്റെയ്‌നും ജോണി ബെയര്‍‌സ്റ്റോയും ഉള്‍പ്പെടെ 10 താരങ്ങള്‍ 1.5 കോടിക്കു ലേലത്തിനെത്തും. ഒരു കോടി വിലയിട്ടിട്ടുള്ള 19 താരങ്ങളില്‍ യുവരാജ് സിങ്ങും മുഹമ്മദ് ഷമിയും ഉള്‍പ്പെടെ 5 ഇന്ത്യക്കാരുണ്ട്.

യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, ജെ പി ഡുമിനി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലേലത്തിനുണ്ടാവും 23 താരങ്ങളെ നിലനിര്‍ത്തിയ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് താരങ്ങളേയേ സ്വന്തമാക്കാനാവൂ.

8.4 കോടി രൂപയാണ് ചെന്നൈക്ക് പരമാവധി ചെലവഴിക്കാനാവുക. 11 താരങ്ങളെ ഒഴിവാക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് ഇത്തവണ കൂടുതാരങ്ങളെ ലേലത്തില്‍ വിളിക്കാനാവുക.

36.20 കോടി രൂപയാണ് കിംഗ്‌സിന് ചെലവഴിക്കാനാവുക. ഇത്തവണ ലേലം ഒരു ദിവസം മാത്രമേ ഉണ്ടാകുക. ഇത്തവണത്തെ ഐ പി എല്‍ പൂര്‍ണമായോ, ഭാഗികമായോ വിദേശത്ത് നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News