പിഎസ്സി ലിസ്റ്റില്‍ നിന്ന് അഡൈ്വസ് മെമ്മോ നല്‍കിയിട്ടുള്ള കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസിയില്‍ രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി.
ഒഴിവുള്ള എല്ലാ തസ്തികകളും രണ്ടുദിവസത്തിനകം നികത്തണമെന്നും ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഇതിനിടെ കേസില്‍ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. എം പാനല്‍ഡ് കണ്ടക്ടര്‍മാരെ എല്ലാം പിരിച്ചുവിട്ടതായി കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും അഡൈ്വസ് മെമ്മോ ലഭിച്ചവരില്‍ 250 പേര്‍ക്ക് ഇതിനകം നിയമന ഉത്തരവ് നല്‍കി. അവശേഷിക്കുന്നവര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കുമെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
സത്യവാങ്ങ്മൂലം പരിശോധിച്ച കോടതി ശേഷിക്കുന്നവര്‍ക്ക് രണ്ട് ദിവസത്തിനകം നിയമനം നല്‍കാന്‍ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിക്കുകയായിരുന്നു.
നിയമിക്കപ്പെടുന്നവര്‍ക്ക് വലിയ പരിശീലനം വേണ്ടെന്നും അവര്‍ ജോലി ചെയ്ത് പഠിച്ചോളും എന്നും കോടതി അഭിപ്രായപ്പെട്ടു. എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേരെ നിയമിക്കണം. കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ താറുമാറായെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാവാതെ നോക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജീവനക്കാരുടെ സംഘടനകള്‍ കക്ഷി ചേരല്‍ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. ഈ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വേണ്ടത്ര വേഗതയില്ലെന്നു കോടതി വിമര്‍ശിച്ചു.
Get real time update about this post categories directly on your device, subscribe now.