നോട്ട് നിരോധനം മൂലമുണ്ടായ മരണങ്ങളുടെ കണക്കുകള്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല; ഒടുവില്‍ കുറ്റസമ്മതം

നോട്ട് നിരോധനം രാജ്യത്തെ വ്യവസായ, തൊഴില്‍അന്വേഷക മേഖലകളിലുണ്ടാക്കിയ ആഘാതം പഠിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനം മൂലമുണ്ടായ മരണങ്ങളുടെ കണക്കും കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല.

അതേസമയം നോട്ട് നിരോധനത്തിനായി 13,248 കോടി രൂപ ചെലവിട്ടതായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജ്യസഭയില്‍ വ്യക്തമാക്കി.

നോട്ട് നിരോധനം ഏറെ ബാധിച്ച രണ്ട് മേഖലകളിലും കൃത്യമായ പഠനം നടത്താതെയാണ് നോട്ട് നിരോധനം വന്‍ വിജയമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദമെന്ന് ഇതോടെ വ്യക്തമായി.

നോട്ട് നിരോധനം ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കിയത് വ്യവസായ മേഖലയിലും തിരിച്ചടിയായത് തൊഴില്‍ അന്വേഷകര്‍ക്കുമായിരുന്നു.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് നിരവധി വ്യവസായശാലകള്‍ അടിച്ചുപൂട്ടുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ രണ്ട് മേഖലയിലും നോട്ട് നിരോധനമുണ്ടാക്കിയ ആഘാതം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് നോട്ട് നിരോധനം രാജ്യത്തെ വ്യവസായ, തൊഴില്‍ മേഖലകളിലുണ്ടാക്കിയ ആഘാതം പഠിച്ചിട്ടില്ലെന്ന് രാജ്യസഭാഗം എളമരം കരീമിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയത്.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് നൂറോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിമായ കണക്ക്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ളതാകട്ടെ 3 എസ്ബിഐ ജീവനക്കാരും ഒരു ഉപഭോക്താവും മരണപ്പെട്ട കണക്ക് മാത്രം.

അതേസമയം നിരോധനത്തിന് പിന്നാലെ പുതിയ 500,1000 നോട്ടുകള്‍ പ്രസിദ്ധീകരിക്കാനും തിരിച്ചുവിളിക്കാനും കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 13248 കോടി രൂപയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

2016-17,2017-18 വര്‍ഷങ്ങളിലായി പുതിയ നോട്ട് പ്രിന്റ് ചെയ്യാന്‍ 12870 കോടി രൂപയും പഴയ നോട്ടുകള്‍ തിരിച്ചുവിളിക്കാന്‍ 262കോടിയുമാണ് ചെലവിട്ടത്.

നോട്ട് നിരോധനം വന്‍ വിജയമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ തന്ത്രപ്രധാനമായി മേഖലകളില്‍ നിരോധനം ഉണ്ടാക്കിയ പ്രത്യാഘാതം പഠിക്കാതെ, കൃത്യമായ മരണങ്ങളുടെ കണക്ക് ഇല്ലാതെ ഏതര്‍ത്ഥത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു അവകാശവാദമുന്നയിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News