ബിജെപിയുടെ രാമഭക്തി, കോണ്‍ഗ്രസിന്റെ ശിവഭക്തി

കോണ്‍ഗ്രസും ബിജെപിയും ഭൂരിപക്ഷ സമുദായങ്ങളുടെ രക്ഷകരാകാന്‍ മത്സരിക്കുകയാണ്. വോട്ടാണ് ഇരുവരുടെയും ലക്ഷ്യം ക്ഷേത്രങ്ങളുടെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന് ബിജെപി…

ക്ഷേത്രം നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയുവെന്ന് കോണ്‍ഗ്രസ്… അയോധ്യയും ശബരിമലയും ഇവര്‍ക്ക് അധികാരത്തിന് വേണ്ടിയുള്ള കുറുക്കുവഴി വഴിമാത്രം… ബിജെപിക്ക് രാമഭക്തി ആണെങ്കില്‍ കോണ്‍ഗ്രസിന് ശിവ ഭക്തിയാണ്…

ജനാധിപത്യ രാഷ്ട്രത്തില്‍ രാഷ്ട്രീയം കൈകാര്യംചെയ്യുന്ന രണ്ടു പാര്‍ട്ടികള്‍ എടുത്തിരിക്കുന്നത് ജനകീയ വിഷയങ്ങള്‍ അല്ല എന്ന് ഇതില്‍ നിന്നും വ്യക്തം… അവര്‍ക്കിഷ്ടം വര്‍ഗീയത തന്നെ…

രാജ്യത്തിന്റെ ഹൃദയ ഭൂമിയില്‍ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ താമരയിതളുകള്‍ കൊഴിക്കാന്‍ കോണ്‍ഗ്രസും ഇറക്കിയത് തീവ്രഹിന്ദുത്വകാര്‍ഡ് തന്നെ. ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ അതേ നാണയത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.

കര്‍ഷകരാണ് കോണ്‍ഗ്രസിനെ രക്ഷിച്ചതെന്ന് ചൂണ്ടികാണിക്കെപ്പെടുമ്പോഴും വര്‍ഗീയ കാര്‍ഡ് വിജയത്തില്‍ പങ്കുവഹിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ശിവഭക്തനാണ് രാഹുല്‍ എന്നതിന് വലിയ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വാര്‍ഗ്രൂപ്പുകള്‍ നല്‍കിയത്. സെപ്റ്റംബറില്‍ നടത്തിയ കൈലാസ യാത്ര മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രചരണ രംഗത്ത് കൊണ്ടുവന്നു.

നെറ്റിയില്‍ ചന്ദനമണിഞ്ഞ് കഴുത്തില്‍ ഷാള്‍ ചുറ്റി, ശിവന്റെ ചിത്രം പിടിച്ചുളള രാഹുലിന്റെ ഫോട്ടോ കോണ്‍ഗ്രസ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശില്‍ വ്യാപകമായി തന്നെ ശിവഭക്തനായ രാഹുല്‍ എന്ന ചിത്രം പതിച്ച പോസ്റ്ററുകള്‍ സ്ഥാപിച്ചു.

ഗോവധത്തെ നിരാകരിക്കുന്ന സന്ദേശമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ നല്‍കിയത്. മധ്യപ്രദേശിന്റെ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ഥി കമല്‍നാഥിന്റെ ഹനുമാന്‍ക്ഷേത്രവും പ്രചരണായുധമാക്കി.

പശുമൂത്രം വില്‍പ്പന നടത്താന്‍ നാടെങ്ങും ശാലകള്‍, ഗോശാലകള്‍ ഇവയെല്ലാം കോണ്‍ഗ്രസ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തി. ഹിന്ദുത്വത്തിന്റെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ വികാരമായ പശു സംരക്ഷകര്‍ എന്ന തലത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചത്.

നദീപൂജയോടെയാണ് രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശിലെ റോഡ് ഷോ ആരംഭിച്ചത് തന്നെ. ജയ് നര്‍മദാ വിളികളില്‍ സാന്ദ്രമായ അന്തരീഷത്തില്‍ ജബല്‍പൂരില്‍ നിന്നായിരുന്നു യാത്ര. ഈ ചടങ്ങില്‍ കമല്‍നാഥും ജ്യോതിരാദിത്യസിന്ധയും പങ്കെടുത്തിരുന്നു. ഉമാഘട്ടില്‍ നടന്ന ചടങ്ങില്‍ദീപാരധാനയും നടത്തിയിരുന്നു. അതിനുശേഷം പ്രതിജ്ഞയും എടുത്തു.

താന്‍ കൈലാസയാത്ര നടത്തിയത് രാജ്യത്തിന്റെ നന്മയ്ക്കായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് 12 ദിവസം നീണ്ട കൈലാസയാത്ര നടത്തിയതത്രെ. ഇതിനാണ് പിന്നീട് വ്യാപക പ്രചരണം നല്‍കിയത്.

കോണ്‍ഗ്രസിന്റെ പശുപ്രേമം കേരളത്തിലെ വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചയ്ക്കു വിഷയമായിരുന്നു. ഇതിനെ ന്യായീകരിക്കാന്‍ പലപ്പോഴും കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ വിയര്‍പ്പൊഴുക്കി. പശു നമ്മുടെ വസതിയിലെ അംഗത്തെപോലയല്ലേ എന്നുവരെ ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വരെ പറയുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.

വര്‍ഗീയ കാര്‍ഡിറക്കി അന്യോനം കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുമ്പോള്‍ യഥാര്‍ത്ഥ ജനകീയ വിഷയങ്ങളിലുള്ള ഇടപെടലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റുന്നത്. രാജസ്ഥാനില്‍ സിപിഐഎമ്മിന് രണ്ട് സീറ്റ് ലഭിച്ചത് ബിജെപി- കോണ്‍ഗ്രസ് മുന്നണികളെ അമ്പരിപ്പിച്ചു.

കര്‍ഷക വിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ സിപിഐഎമ്മിന്റെ സമരങ്ങള്‍ക്ക് രാജസ്ഥാനിലെ ഭദ്രയും ദുംഗര്‍ഘട്ട് മണ്ഡലങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇവിടെ സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയെ ഭവനസമ്പര്‍ക്കത്തിലൂടെയാണ് സിപിഐഎം തുറന്നുകാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News