വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി; പരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ല

കൊച്ചി: വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്ത് തെറ്റെന്ന് ഹൈക്കോടതി. വനിതാ മതിലിന് നിര്‍ബന്ധിത സ്വഭാവം ഇല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.

വനിതാ മതില്‍ സംഘാടനത്തിന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്ന കോടതി വനിതാ മതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ലന്നും കോടതി നിരീക്ഷിച്ചു. പ്രളയം ഉണ്ടായത് കൊണ്ട് എല്ലാം മാറ്റി വക്കാനാവില്ലന്നും കോടതി പറഞ്ഞു

വനിതാ മതിലിന്റെ സംഘാടനത്തിന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് പ്രാഥമിക വാദത്തിനിടെ കോടതി ചോദിച്ചു.

വനിതാ മതിലിന് നിര്‍ബന്ധിത സ്വഭാവം ഇല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഏകോപനത്തിന് സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കാരണം വനിതാ മതില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വനിത മതില്‍ പോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് വാദവും കോടതി അംഗീകരിച്ചില്ല. പ്രളയമുണ്ടായത് കൊണ്ട് മറ്റ് കാര്യങ്ങള്‍ മാറ്റിവക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീപുരുഷസമത്വം സമൂഹത്തിന് ഗുണമാണോ ദോഷമാണോ എന്ന് ഹര്‍ജിക്കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനുവിനോട്
കോടതി ആരാഞ്ഞു. ഗുണകരമാണെന്ന ഹര്‍ജിക്കാരന്റെ മറുപടിയോട് നന്ദി എന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഹര്‍ജിയിലെ ആരോപണങ്ങളിന്മേല്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം വ്യാഴാഴ്ച കേസ് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here