തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മൗറീഞ്ഞോ യുനൈറ്റഡില്‍ നിന്ന് പുറത്ത്; യുനൈറ്റഡിന് മൂന്ന് ദശാബ്ദത്തിലെ മോശം സീസണ്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹോസെ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി.

ലിവര്‍പൂളിനെതിരായ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് പോര്‍ച്ചുഗീസ് പരിശീലകനെ യുണൈറ്റഡ് പുറത്താക്കിയത്.

സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് ഏഴു ജയവും അഞ്ചു സമനിലയും അഞ്ചു തോല്‍വിയുമായി 26 പോയിന്റോടെ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോള്‍.

കഴിഞ്ഞ 29 വര്‍ഷത്തിനിടെ ക്ലബ്ബിന്റെ ഏറ്റവും മോശം തുടക്കവും ഈ സീസണിലായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ടീം വഴങ്ങിയത്.

ലീഗില്‍ ആദ്യ 15 സ്ഥാനത്തുള്ള ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയതും യുണൈറ്റഡാണ്. തോല്‍വികള്‍ തുടര്‍ക്കഥയായതോടെ ആരാധകരും ക്ലബ്ബിന്റെ മുന്‍താരങ്ങളും മൗറീന്യോക്കെതിരേ രംഗത്തുവന്നിരുന്നു.

പോള്‍ പോഗ്ബ അടക്കമുള്ള പ്രമുഖ താരങ്ങളുമായി മൗറീന്യോയുടെ ബന്ധം വഷളാകുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി.

ശനിയാഴ്ച കാര്‍ഡിഫിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. പുതിയ പരിശീലകന്‍ ആരെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

സീസണ്‍ അവസാനം വരെ താല്‍ക്കാലിക മനേജരെ നിയമിക്കുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

2016 മേയിലാണ് മൗറീഞ്ഞോ യുണൈറ്റഡിന്റെ പരിശീലകനായത്. റയല്‍ മഡ്രിഡ്, ചെല്‍സി, ഇന്റര്‍ മിലാന്‍, പോര്‍ട്ടോ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിരുന്നു
മൗറീഞ്ഞോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here