കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടം ഉണ്ടായിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി; പുതുതായി നിയമന ഉത്തരവ് ലഭിച്ച 4051 പേര്‍ വ്യാഴാഴ്ച ജോലിക്ക് കയറണം

തിരുവനന്തപുരം: താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടം ഉണ്ടായിട്ടില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി.

സര്‍വ്വീസുകള്‍ ശാസ്ത്രീയമായി പുനക്രമീകരിച്ചും ലാഭകരമല്ലാത്ത റൂട്ടുകള്‍ വെട്ടിക്കുറച്ചുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിയോടിച്ചത്. ഇത് നഷ്ടം കുറയ്ക്കാന്‍ കാരണമായി. അതുകൊണ്ട് തന്നെ കളക്ഷനില്‍ കുറവില്ലെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

പുതുതായി നിയമന ഉത്തരവ് ലഭിച്ച 4051 പേര്‍ വ്യാഴാഴ്ച ജോലിക്ക് കയറണം. എന്നാല്‍ എത്രപേര്‍ ജോലിക്ക് ഹാജരാകുമെന്ന് കോര്‍പറേഷന് വ്യക്തതയില്ല. രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പരിശീലന പരിപാടികള്‍ ഒരു ആഴ്ച കൊണ്ട് പൂര്‍ത്തീകരിച്ച് സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

മറ്റു സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരില്‍ കണ്ടക്ടര്‍ ബാഡ്ജ് ഉള്ളവരെ കണ്ടക്ടര്‍ ആക്കാന്‍ തയ്യാറാണ്. കൂടുതല്‍ സമയം ഡ്യൂട്ടി ചെയ്യാന്‍ കണ്ടക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

9500ഒളം സ്ഥിരം കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. ഇതില്‍ 800 -ളം പേര്‍ പലതരത്തിലുള്ള അവധിയിലാണ്. ഇവരെ തിരിച്ചുവിളിക്കാനുള്ള നടപടികള്‍ തുടങ്ങി.

1000 പരം സര്‍വ്വീസുകള്‍ റദ്ദാക്കിയ ആദ്യ ദിവസത്തില്‍ 7.49 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. അതിന് മുമ്പത്തെ ആഴ്ചയിലും അത്രയും വരുമാനമാണ് ഉണ്ടായത്. എന്നാല്‍, ഡീസല്‍ ഉപയോഗത്തില്‍ 17 ലക്ഷം രൂപയുടെ കുറവുണ്ടായി. ഇത് സാമ്പത്തിക നഷ്ടം കുറച്ചു.

അടുത്ത ദിവസം ആറരക്കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഡീസല്‍ ഉപയോഗത്തിലും കുറവുണ്ടായിരുന്നു. ഇന്നലെ ദിവസം 980 സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നപ്പോള്‍ ഇന്ന് 337 സര്‍വ്വീസുകള്‍ മാത്രമാണ് റദ്ദാക്കിയതെന്നും തച്ചങ്കരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News