തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികളിലെ കാലതാമസം ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക അഡീഷല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന പൂര്‍ത്തിയായ ജില്ലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.