ഗവേഷണത്തിനായി അണലിവിഷം നല്‍കാന്‍ തീരുമാനം

ഗവേഷണത്തിനായി തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ സര്‍പന്റേറിയത്തില്‍ നിന്ന് അണലിവിഷം നല്‍കാന്‍ തീരുമാനം.

പാമ്പിന്‍വിഷത്തെക്കുറിച്ചുള്ള പരമ്പരാഗത അറിവുകളുടെ ശാസ്ത്രീയവശം അന്വേഷിക്കുന്ന ഗവേഷണങ്ങള്‍ക്കായാണ് അണലി വിഷം നല്‍കുന്നത്.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശപ്രകാരം അഗദതന്ത്ര വകുപ്പിന്റെ കീഴില്‍ പാര്‍പ്പിച്ചിരിക്കുന്ന പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

ഈ രംഗത്തെ ഗവേഷണങ്ങള്‍ക്ക് വലിയ പ്രയോജനപ്പെടുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തുമ്പോള്‍ ഏതിനം പാമ്പാണ് കടിച്ചതെന്ന് കണ്ടെത്തുക വലിയ വെല്ലുവിളിയാണ്.

നാലുതരം പ്രതിവിഷം കുത്തിവെച്ച് പരീക്ഷിക്കുകയാണ് ഇപ്പോള്‍ നിലവിലുള്ള മാര്‍ഗം.

എന്നാല്‍ ആവശ്യമില്ലാത്ത പ്രതിവിഷങ്ങള്‍മൂലം പലര്‍ക്കും അലര്‍ജി ഉണ്ടാവാറുണ്ട്.ഇതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍.രക്തപരിശോധനയിലൂടെ കടിച്ചപാമ്പിനെ തിരിച്ചറിയാനുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.

ഇതിനുള്ള ബയോസെന്‍സര്‍ ഉപകരണം വികസിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താനുള്ള ഗ്ലൂക്കോമീറ്റര്‍പോലെ ഇത് ഉപയോഗിക്കാനാവും. അതോടൊപ്പം കടിച്ചത് ഏത് പാമ്പാണോ അതിനുപറ്റിയ ആന്റിവെനം കണ്ടുപിടിക്കാനുള്ള ഗവേഷണവും പുരോഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here