അയല്‍വാസിയെ മലമുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

അയല്‍വാസിയെ മലമുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.

കഴിഞ്ഞ ജനുവരി 25ന് മുള്ളരിക്കുടി കുന്നനാനിത്തണ്ടിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. മുള്ളരിക്കുടി കരിമ്പനാനിക്കല്‍ സജീവനെന്ന് വിളിക്കുന്ന ഷാജി കൊല്ലപ്പെടുകയായിരുന്നു.

കേസിന്റെ തുടക്കത്തില്‍ മുള്ളരിക്കുടി കുന്നനാനിത്തണ്ടിന് സമീപമുള്ള പാറക്കെട്ടില്‍ നിന്നും കാല്‍വഴുതി വീണുള്ള മരണമെന്ന നിലയിലായിരുന്നു പോലീസ് അന്വേഷണം നടന്നത്.

എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം സജീവന്റെ ഭാര്യ കേസില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചതോടെ അന്വേഷണം അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സാബു നേതൃത്വം നല്‍കുന്ന പ്രത്യേക സ്‌ക്വാഡ് ഏറ്റെടുത്തു.

കഴിഞ്ഞ ഒരുവര്‍ഷമായി സംഘം നടത്തിയ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കുമൊടുവില്‍ സജീവന്റെ സുഹൃത്തുക്കളായ മുള്ളരിക്കുടി സ്വദേശി കൂന്തനാനിക്കല്‍ സുരേന്ദ്രന്‍, വരിക്കാനിക്കല്‍ ബാബു എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളിലൊരാളുടെ ഭാര്യയുമായി സജീവന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.

മദ്യപിക്കാനെന്ന പേരില്‍ ബാബുവും സുരേന്ദ്രനും സജീവനെ പാറക്കെട്ടിന് മുകളില്‍ വിളിച്ചു വരുത്തി താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സാബു പറഞ്ഞു.

ഏതാനും നാളുകള്‍ക്ക് മുമ്പ് സുരേന്ദ്രന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയില്‍ കൊലപാതകം നടത്തിയിട്ടും പോലീസ് പിടിച്ചില്ലെന്ന രീതിയില്‍ വെല്ലുവിളി നടത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത് പോലീസിന് കാര്യങ്ങള്‍ വേഗത്തിലാക്കി.

എഎസ്ഐമാരായ സിവി ഉലഹന്നാന്‍, സിആര്‍ സന്തോഷ്, സജി എന്‍ പോള്‍ കെ കെ ഷാജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇരുവരേയും അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here