ഇന്ന് പാര്‍ലമെന്റിലേക്ക് ദളിത് മാര്‍ച്ച്; കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും നടത്തുന്ന ഉജ്വലപോരാട്ടങ്ങള്‍ക്കൊപ്പം ദളിതരും

ദളിത് പോരാട്ടം ഇന്ത്യാചരിത്രത്തില്‍ നാഴികക്കല്ലായി മാറുമെന്ന് ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍.

ജാതിക്കോട്ടകളും വര്‍ഗീയമതിലുകളും തകര്‍ത്തും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിച്ചും ഒരു പുതുഭാരതം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചണിനിരക്കുന്നു എന്നത് ആവേശകരമാണെന്ന് രാധാകൃഷ്ണന്‍ ദേശാഭിമായില്‍ എഴുതിയ ലേഖനത്തില്‍ വിലയിരുത്തുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:

‘ഭരണഘടനയെ സംരക്ഷിക്കുക ദളിത് അവകാശങ്ങള്‍ സംരക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകാണ്. സമസ്ത ജനവിഭാഗങ്ങള്‍ക്കും ദുരിതംമാത്രം സമ്മാനിച്ചു എന്നതാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിന്റെ നാലരക്കൊല്ലത്തെ ഭരണനേട്ടം. ഇവര്‍ ഇന്ത്യയെ മതാധിഷ്ഠിത ഭരണക്രമത്തിലേക്ക് നയിക്കുകയാണ്.

ഭരണഘടനയെ നോക്കുകുത്തിയാക്കി മതേതരത്വവും ജനാധിപത്യവും കശാപ്പ് ചെയ്യാനുള്ള പരിശ്രമമാണ് നടത്തുന്നത്. മതന്യൂനപക്ഷങ്ങളും ദളിതരും വ്യാപകമായി വേട്ടയാടപ്പെടുന്നു. ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം അണിചേരുകയാണ് ദളിതരും പിന്നോക്ക ജനവിഭാഗങ്ങളും.

നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ ദളിതര്‍ക്കെതിരായ പീഡനങ്ങള്‍ ഏറിവരികയാണ്. ഭരണഘടനാനുസൃത ദളിത് അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. ആകെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന പട്ടികവിഭാഗത്തിന്റെ അവസ്ഥ ഇന്നും ദയനീയമാണ്. സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയിലും വളര്‍ച്ചയുടെ എല്ലാ മേഖലകളിലും അവര്‍ പിന്തള്ളപ്പെടുന്നു.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ ഭരണകൂടങ്ങളെയും ഉന്നത വിദ്യാപീഠങ്ങളെയും മറഞ്ഞിരുന്ന് ഭരിക്കുന്ന ഒന്നായി സവര്‍ണ ജാതിവ്യവസ്ഥ തുടരുകയാണ്. മതേതര സോഷ്യലിസ്റ്റ് രാജ്യമെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടും ജാതിഭ്രാന്തന്മാരുടെ കൂത്തരങ്ങായി ഉന്നത വിദ്യാപീഠങ്ങള്‍ വര്‍ത്തിച്ചു.

ബോധപൂര്‍വമായ കാരണങ്ങളുണ്ടാക്കി ഫെലോഷിപ്പും ഹോസ്റ്റല്‍ താമസവും നിഷേധിക്കുന്നതുമൂലം പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തൊഴിലിനിറങ്ങേണ്ട അവസ്ഥയിലായി.

നന്നായി പഠിക്കുന്നതിന്റെ പേരില്‍ സഹപാഠികള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മുഖത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്യുമെന്നതും ഇത്തരത്തില്‍ ചെയ്യുന്നത് സന്തോഷം നല്‍കുന്നുണ്ടെന്നും പരസ്യപ്പെടുത്തിയ വീഡിയോ ബിഹാറിലെ മുസഫര്‍പുരിലെ കേന്ദ്രീയവിദ്യാലയത്തിലെ പതിനാറുകാരനായ ദളിത് വിദ്യാര്‍ഥി വെളിപ്പെടുത്തിയത് മോഡിയുടെ ഇന്ത്യയിലാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ദളിത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

മൃതദേഹത്തോടുള്ള ആദരവ് ഏതൊരാള്‍ക്കും ലഭിക്കേണ്ട മനുഷ്യാവകാശമാണ്. അത് നിഷേധിക്കുന്നത് പ്രാകൃതവുമാണ്. രോഹിത് വെമുലയുടെ മൃതദേഹം ആരെയും അറിയിക്കാതെ ഹൈദരാബാദിനു പുറത്തുള്ള പൊതുശ്മശാനത്തില്‍ രഹസ്യമായി കത്തിച്ചു.

ഒഡിഷയിലെ കലഹന്ദി ജില്ലയിലെ ജില്ലാ ആശുപത്രിയില്‍ മരിച്ച തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരവുമായി പ്രായപൂര്‍ത്തിയാകാത്ത മകളുമൊത്ത് 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടന്നുനീങ്ങുന്ന ദളിതനായ ദാനമാജിയുടെ ചിത്രം എങ്ങനെയാണ് മറക്കാനാകുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതിയെന്നോണം ദളിത് വിഭാഗങ്ങള്‍ക്കുനേരെ അടിച്ചമര്‍ത്തലുകളും വര്‍ധിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സുര്‍ഫാദി ഗ്രാമത്തില്‍ വിവാഹഘോഷയാത്ര നടത്തിയെന്ന കാരണത്താല്‍ ജാതിഭ്രാന്തന്മാര്‍ ഒരു ദളിതന്റെ മൂക്ക് ചെത്തിക്കളഞ്ഞു.

യുപിയില്‍തന്നെ 13 വയസ്സുള്ള ഒരു ദളിത് പെണ്‍കുട്ടിയെ, ക്ഷേത്രപരിസരത്തെ കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുത്ത് ക്ഷേത്രത്തെ അശുദ്ധപ്പെടുത്തിയെന്നാരോപിച്ച് മര്‍ദിച്ചു. യുപിയിലെ സഹറാന്‍പുരില്‍ നരേന്ദ്രയെന്ന ദളിത് യുവാവിനെ സവര്‍ണന്റെ പുരയിടത്തില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വെടിവച്ചുകൊന്നു.

ഹരിയാനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചപ്പോള്‍, പട്ടിയെ കല്ലെറിഞ്ഞാല്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടോ എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി വി കെ സിങ്ങിനെ സംരക്ഷിക്കുന്ന നരേന്ദ്ര മോഡിയെയും നാം കണ്ടു.

2016 ജൂലൈ 11ന് ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ നാല് ദളിത് യുവാക്കളെ പട്ടാപ്പകല്‍ തെരുവിലൂടെ നടത്തി തല്ലിച്ചതച്ചു. പ്രധാനമന്ത്രിയുടെ ‘തിളങ്ങുന്ന ഗുജറാത്തില്‍’ മനുഷ്യവിസര്‍ജ്യം ചുമന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു വലിയ വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട് എന്ന സത്യം തിരിച്ചറിയപ്പെടാതിരുന്നുകൂടാ.

കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍മൂലം സമ്പന്നര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ഒരു കള്ളപ്പണക്കാരനും അറസ്റ്റിലായതുമില്ല. നേരെമറിച്ച്, ദളിതരടക്കമുള്ള സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. കറന്‍സി ലഭ്യമല്ലാത്തത് സമസ്ത മേഖലകളിലും മുരടിപ്പ് സൃഷ്ടിക്കുകയും ദിവസക്കൂലിക്കാരായ മഹാഭൂരിപക്ഷം വരുന്ന ദളിതര്‍ക്കുള്ള തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.

ദളിതനെ മനുഷ്യനായിപ്പോലും പരിഗണിക്കപ്പെടാതെ, മാന്യമായി ജീവിക്കാനോ പൊതുനിരത്തുകളില്‍ സഞ്ചരിക്കാനോ പൊതുകിണറ്റില്‍നിന്ന് വെള്ളമെടുക്കാനോ മറ്റുള്ളവരോടൊപ്പം അതേ നിലയില്‍ വിദ്യയഭ്യസിക്കാനോ അനുവദിക്കാതെ ദളിത് വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നാളെയുടെ വാഗ്ദാനങ്ങളെ തല്ലിക്കൊഴിക്കുകയാണ് ജാതിപ്പിശാചുക്കള്‍.

സാമ്രാജ്യത്വത്തിനെതിരായി നൂറ്റാണ്ടുകളായി പൊരുതിനേടിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളുടെ പ്രഖ്യാപനമായാണ് 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. എന്നാല്‍, ചരിത്രനിഷേധികളായ വര്‍ഗീയവാദികള്‍ വൈദേശിക സൃഷ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് പ്രചരിപ്പിക്കുന്നതിലൂടെ അതിനെ നിരാകരിക്കുകയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്യം, സമത്വം, ജനാധിപത്യം, സോഷ്യലിസം മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍തന്നെയാണ് അവര്‍ക്ക് ചതുര്‍ഥി.

സമത്വം ഓരോ പൗരനും അര്‍ഹതപ്പെട്ടതാണെന്നും സ്വാതന്ത്ര്യം അവകാശമാണെന്നും പരമാവധി ആശയങ്ങളെ ഉള്‍ക്കൊള്ളലാണ് ജനാധിപത്യമെന്നുമെല്ലാം ഉള്ള മഹത്തായ മൂല്യങ്ങള്‍ ഏകാധിപതികള്‍ക്കും പ്രതിലോമവാദികള്‍ക്കും ഉള്‍ക്കൊള്ളാനാകില്ല.

ഇന്ത്യയുടെ പരമാധികാരം ആഗോളമൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അടിയറവയ്ക്കുകയാണ് അവര്‍. മഹത്തായ ഫെഡറലിസ്റ്റ് തത്വങ്ങളെയും കീഴ്വഴക്കങ്ങളെയും നിഷ്‌കരുണം അട്ടിമറിക്കുന്നു. മതനിരപേക്ഷരാജ്യമെന്നത് കടലാസ്സില്‍പ്പോലും ഉണ്ടാകരുതെന്നും ശഠിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യറിയുടെയും തെരെഞ്ഞെടുപ്പു കമീഷന്റെയും പരമാധികാരത്തില്‍പ്പോലും ഇടപെടാനുള്ള ശ്രമം നടക്കുന്നു.

ഇത് ഇനിയും അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടകരമാംവിധം ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ നിഷ്പ്രഭമാക്കുന്നതിന് കപട ദേശീയതയെയും ആചാരവിശ്വാസങ്ങളെയും മറയാക്കുന്നു. ബോധപൂര്‍വമായി സൃഷ്ടിക്കുന്ന ഇത്തരം മറകള്‍ തകര്‍ക്കപ്പെടണം.

നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും അതുമാത്രമേ ചിന്തിക്കാനും ചര്‍ച്ചചെയ്യാനും പാടുള്ളൂവെന്ന ഫാസിസ്റ്റ് തന്ത്രം വര്‍ത്തമാനകാല ഇന്ത്യയില്‍ നടപ്പില്ലെന്ന് വിളിച്ചറിയിക്കുന്ന പ്രക്ഷോഭങ്ങളാണ് രാജ്യമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്.

വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കെതിരെ, വര്‍ഗീയതയ്‌ക്കെതിരെ, ദളിത് അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുകയാണ്.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പടിക്ക് പുറത്താക്കിയത് ആചാരലംഘനത്തിലൂടെതന്നെയായിരുന്നു. അവസരസമത്വത്തിനും സ്ത്രീസമത്വത്തിനുംവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇന്നലെകളിലും സമവായത്തിലൂടെയായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ചും നേരിട്ടുംതന്നെയായിരുന്നു

വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കെതിരെ, വര്‍ഗീയതയ്‌ക്കെതിരെ, ദളിത് അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുകയാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പടിക്ക് പുറത്താക്കിയത് ആചാരലംഘനത്തിലൂടെതന്നെയായിരുന്നു. അവസരസമത്വത്തിനും സ്ത്രീസമത്വത്തിനുംവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇന്നലെകളിലും സമവായത്തിലൂടെയായിരുന്നില്ല.

എതിര്‍പ്പുകള്‍ അവഗണിച്ചും നേരിട്ടുംതന്നെയായിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തിലെ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഡെസ്‌നാന നിരോധത്തിലൂടെ നാം കണ്ടത്.

പ്രത്യക്ഷമായ ജാതിവിവേചനത്തിന്റെ ഏറ്റവും നീചമായ കാഴ്ചയായിരുന്നു മഡെസ്‌നാന. പന്തിവിവേചനത്തില്‍ തുടങ്ങി ബ്രാഹ്മണ്യത്തിന്റെ അഴുക്കില്‍ സ്വയംകിടന്നുരുണ്ട് നിര്‍വൃതിയടയാന്‍ ദളിതരോട് ശാസിച്ച മനുഷ്യത്വമില്ലായ്മയുടെ ആഘോഷങ്ങളിലൊന്നാണിത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചില്‍ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്നതും (മഡെസ്‌നാനയും) പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്നതും (എഡെസ്‌നാനയും) ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിരോധിച്ചത് സിപിഐ എം നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമാണ്. ഒരു ദുരാചാരത്തിനും പരിഷ്‌കൃത സമൂഹത്തില്‍ ദീര്‍ഘനാള്‍ പിടിച്ചുനില്‍ക്കാനാകില്ല.

എത്ര നൂറ്റാണ്ടിന്റെ വിശ്വാസത്തഴമ്പ് വിളമ്പിയാലും അപരിഷ്‌കൃതമായ എല്ലാ ആചാര സംഹിതകളും ഒരുനാള്‍ പഴങ്കഥയാകും. മഡെസ്‌നാന പഴങ്കഥയായി. ഇടതടവില്ലാത്ത സമരാഗ്‌നിയില്‍ പിടിച്ചുനില്‍ക്കാനാകാതെ കരിഞ്ഞില്ലാണ്ടായതാണ്.

ജാതിക്കോട്ടകളും വര്‍ഗീയമതിലുകളും തകര്‍ത്തും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിച്ചും ഒരു പുതുഭാരതം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചണിനിരക്കുന്നു എന്നത് ആവേശകരമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മതേതര ജനാധിപത്യശക്തികളുടെ വിജയമായിരുന്നു തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചത്.

കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും നടത്തുന്ന ഉജ്വലമായ പോരാട്ടങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രസ്ഥാനമായ ദളിത് ശോഷന്‍ മുക്തിമഞ്ച് (ഡിഎസ്എംഎം) നടത്തുന്ന പോരാട്ടവും ഇന്ത്യാചരിത്രത്തില്‍ നാഴികക്കല്ലായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News