കാലടിയില്‍ നടന്നത് എസ്എഫ്ഐ പ്രവര്‍ത്തകരെ കുടുക്കാനുള്ള ശ്രമം; എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റിട്ടില്ല; മുറിവ്, കത്തിയും ബ്ലേഡും ഉപയോഗിച്ച് സുഹൃത്തുക്കള്‍ സൃഷ്ടിച്ചത്; നാടകം പൊളിച്ചടുക്കി പൊലീസ്

കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് പൊലീസ് കണ്ടെത്തി.

സ്വയം മുറിവുണ്ടാക്കി എസ്എഫ്ഐക്കെതിരെ പ്രതികാരം ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നിരുന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് കൈയ്യിലെ മുറിവ് കൂട്ടുകാര്‍ ഉണ്ടാക്കിയതാണെന്നും പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍ കെഎം ലാല്‍ മൊഴി നല്‍കി. കാലടി പൊലീസ് സ്റ്റേഷനില്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയായ മറ്റൂര്‍ വട്ടപറമ്പ് സ്വദേശിയായ മനീഷാണ് ഈ ഗൂഢാലോചനക്കു നേതൃത്വം നല്‍കിയത്.

പരാതിക്കാരനായ ലാല്‍ പൊലീസില്‍ പറഞ്ഞത് മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു എന്നാണ്. എട്ടോളം പേര്‍ ചേര്‍ന്ന് 16ന് എബിവിപി പ്രവര്‍ത്തകന്‍ അന്നനാട് സ്വദേശിയായ ലാല്‍ മോഹനെ ആക്രമിച്ചു എന്ന് പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമായെന്ന് പൊലിസ് വ്യക്തമാക്കി.

ചുമരെഴുത്തുമായി ബന്ധപ്പെട്ട് കോളേജില്‍ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന് ബലം കൂട്ടുക എന്നതായിരുന്നു ലാലിന്റെ ഉദ്ദേശം. തുടര്‍ന്ന് സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം ശരീരത്ത് മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു. സംഭവത്തില്‍ ലാലിനും മറ്റ് നാലുപേര്‍ക്കുമെതിരെ കേസെടുത്തു

അതേസമയം കാലടി ശ്രീശങ്കര കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റും കാലടി ഏരിയാ കമ്മിറ്റിയംഗവുമായ ടോം ടിറ്റി(20)നാണ് വെട്ടേറ്റത്.

ജനുവരി ഒന്നിന്റെ വനിതാ മതിലിന്റെ പ്രചാരണാര്‍ഥം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനി മതില്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here